
കൊച്ചി: പകൽ കോളേജിൽ പഠനം, വൈകിട്ട് പരീക്ഷാ കോച്ചിംഗ്, രാത്രി വീണ്ടും പഠനം... ബി.എ പഠനം പൂർത്തിയാക്കുന്നതിനൊപ്പം പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിലും ഇടം നേടുകയെന്നതായിരുന്നു കോഴിക്കോട് വെള്ളനൂർ വെസ്റ്റ് സ്വദേശി എം. അജയ്‌യുടെ ലക്ഷ്യം. ഒടുവിൽ, ബി.എ മലയാളം പഠനം പൂർത്തിയാക്കുന്നതിനൊപ്പം പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിലും ഇടംനേടി ഈ 21കാരൻ. മൂന്നിന് മലപ്പുറം എം.എസ്.പിയിൽ പരിശീലനം തുടങ്ങിയ അജയ് ലോറി ഡ്രൈവറായ മേക്കട രാജന്റെയും വീട്ടമ്മയായ ബേബിയുടെയും മകനാണ്. പൊലീസിലുള്ള സഹോദരൻ അക്ഷയ് ആണ് മാർഗനിർദ്ദേശങ്ങൾ നൽകുന്നത്. ബിരുദത്തിന്റെ രണ്ടാം വർഷമാണ് മത്സരപ്പരീക്ഷകൾക്കായി അജയ് തയ്യാറെടുപ്പ് തുടങ്ങിയത്. കുന്നമംഗലത്തെ ഒരു അക്കാഡമിയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് ആറു മുതൽ രാത്രി ഒമ്പതുവരെ പരിശീലനം. തിരിച്ച് വീട്ടിലെത്തിയാലും തയ്യാറെടുപ്പ് തുടരും. ശാരീരികക്ഷമത നേടാൻ പരിശീലകനായ വിനുവാണ് സഹായിച്ചത്.
ആദ്യം പരാജയം, പിന്നെ 39-ാം റാങ്ക്
പൊലീസ് പരീക്ഷയിൽ ആദ്യതവണ വിജയിക്കാനായില്ല. പഠനരീതി ഒന്നു കൂടി മെച്ചപ്പെടുത്തി പരിശ്രമിച്ചു. ഏപ്രിലിലെ പട്ടികയിൽ 39-ാം റാങ്ക്. മേയിൽ ബിരുദഫലം വന്നതോടെ രണ്ടു സ്വപ്നവും കൈപ്പിടിയിൽ.
ഡിഗ്രി പഠിക്കുന്ന സമയത്ത് തന്നെ മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കാൻ ശ്രമിക്കണം. ഇപ്പോൾ നല്ല മത്സരമാണ്. നേരത്തെ തുടങ്ങുന്നതാണ് നല്ലത്.
-അജയ് എം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |