SignIn
Kerala Kaumudi Online
Thursday, 25 June 2026 3.14 AM IST

'അർഹതയുണ്ട്, പക്ഷേ അവകാശവാദം ഉന്നയിക്കാനില്ല'; ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ നിലപാടറിയിച്ച് ലീഗ്

READ ENGLISH VERSION
pk-kunhalikutty

മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് ആരെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമോ അവരെ പിന്തുണയ്‌ക്കുമെന്നും ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെങ്കിലും അത് ചോദിച്ച് വാങ്ങില്ലെന്നാണ് ലീഗ് നേതാവായ മുനവറലി ശിഹാബ് തങ്ങളുടെയും പ്രതികരണം.

'100 സീറ്റ് കിട്ടുമെന്ന് സതീശൻ പറഞ്ഞത് എല്ലാ കണക്കുകളും പരിശോധിച്ച ശേഷമാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ ഞങ്ങളുടെ കണക്കുകളും തെറ്റിയില്ല. ഇതുവരെ ഒന്നും തെറ്റിയിട്ടില്ല. അതിനാൽ ഇത്തവണയും പറഞ്ഞതൊന്നും തെറ്റില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിലെ ട്രെൻഡ് അനുസരിച്ചാണെങ്കിൽ നൂറിന് പുറത്ത് സീറ്റ് ലഭിക്കും. ലീഗിന്റെ 27 സീറ്റിലും പ്രതീക്ഷയുണ്ട്. പുനലൂരും ചേലക്കരയും സംശയമുണ്ടായിരുന്നു.

എന്നാൽ, പ്രവർത്തകരുടെ ആവേശം കണ്ടിട്ട് അവിടെയും ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. സതീശന് ഞങ്ങളുടെ പാർട്ടി നൽകിയ പിന്തുണ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ളതാണ്. മുന്നണിക്ക് വേണ്ടിയായിരുന്നു അത്. മുഖ്യമന്ത്രി ആരാകണമെന്ന് പാർട്ടി തീരുമാനിക്കും. കോൺഗ്രസ് തീരുമാനിക്കുന്ന ആൾക്ക് ഞങ്ങൾ പിന്തുണ നൽകും.

അധികാരം കിട്ടുമ്പോൾ മുന്നണിയെ പ്രതിസന്ധിയിലാക്കാൻ ഞങ്ങൾ നിൽക്കില്ല. ഞങ്ങളായിട്ട് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല. അതിനായി തർക്കിക്കാനും നിൽക്കില്ല. ഖജനാവ് കാലിയാണ്. എത്രയും പെട്ടെന്ന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിച്ച് ഭരണം തുടങ്ങണം. അലാവുദ്ദീന്റെ അത്ഭുത വിളക്കല്ലല്ലോ, പണത്തിന് പണം തന്നെ വേണ്ടേ. ഇടതുപക്ഷത്തിന് പറ്റിയ തെറ്റ് അതാണ്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തുള്ള രീതിയിലേക്ക് തിരിച്ചുപോണം' - പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ഞങ്ങൾ ഒരിക്കലും മതം പറഞ്ഞ് വോട്ട് വാങ്ങിയിട്ടില്ല. എന്നാൽ, പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾ ഞങ്ങളെ വിശ്വസിക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം ഞങ്ങൾക്ക് അർഹതയുള്ളതാണ്. പക്ഷേ, അതിനായി തർക്കിക്കാനില്ല. അവകാശവാദം ഉന്നയിക്കുകയുമില്ല' - മുനവറലി തങ്ങൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PK KUNHALIKUTTY, KERALA ASSEMBLY ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA