SignIn
Kerala Kaumudi Online
Saturday, 23 May 2026 8.19 PM IST

​സതീശനുമായി വ്യക്തിബന്ധമില്ല,​ ഞാൻ കെസിക്ക് ഒപ്പം: ടി. പത്മനാഭൻ

t-padmanabhan

കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് പിന്തുണയുമായി കഥാകൃത്ത് ടി പത്മനാഭൻ. രമേശ്‌ ചെന്നിത്തലയുമായും കെ സി വേണുഗോപാലുമായും അടുത്ത ബന്ധമാണുള്ളത് എന്നാൽ വി ഡി സതീശനുമായി അടുത്ത ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ ഇന്ത്യയിലെ പഴക്കം ചെന്ന കോൺഗ്രസുകാരനാണ് ,​ എല്ലാവരുമായും അടുത്ത ബന്ധം ഉണ്ടെന്നും മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോരാട്ടത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നത് കെ സി വേണുഗോപാലിനാണെന്നും ടി പത്മനാഭൻ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് കെ സി വേണുഗോപാൽ. വാർത്തകളുടേയും വ്യക്തി ബന്ധങ്ങളുടേയും അടിസ്ഥാനത്തിൽ താൻ കെസിക്ക് ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.

കെ സി വേണുഗോപാലിനെ താൻ പിന്തുണയ്ക്കുന്നത് നാട്ടുകാരനായത് കൊണ്ടുമാത്രമല്ലെന്നും അദ്ദേഹത്തിന്റെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും പത്മനാഭൻ പറ‌ഞ്ഞു. വി ഡി സതീശനുമായി അടുത്ത സ്നേഹബന്ധമോ പരിചയമോ ഇല്ലെന്നും രണ്ടുമൂന്ന് തവണ കണ്ടിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. 'കെ സി വേണുഗോപാൽ നല്ല പൊതുപ്രവർത്തകനും പാവങ്ങളോട് കരുണയുള്ളവനുമാണ്. പാർലമെന്റിലും നിയമസഭയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.'-പത്മനാഭൻ പറഞ്ഞു.

'രാഹുൽ ഗാന്ധിയുടെ ഏറ്റവുംവലിയ ആരാധകനാണ് ഞാൻ. രാഹുൽ കഴിവുകെട്ടവനാണ്, ബഫൂൺ ആണ് എന്നൊക്കെ പറയുന്ന വ്യക്തികളും പാർട്ടികളും ഇന്ത്യയിൽ ഉണ്ട്. ഇന്ത്യയിൽ നാളത്തെ ഭരണാധികാരി രാഹുൽ ഗാന്ധിയാണ്. രാഹുലിനെ പിറകിൽനിന്ന് നയിക്കുന്ന വ്യക്തിയാണ് വേണുഗോപാൽ. രാഹുൽ ഗാന്ധി പൊട്ടനൊന്നും അല്ല. കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഒരു വ്യക്തിയെ മിത്രമായി സ്വീകരിക്കുകയുള്ളൂ. അങ്ങനെയുള്ള രാഹുൽ ഗാന്ധിയുടെ ആത്മമിത്രമായാണ് വേണുഗോപാൽ കഴിഞ്ഞ കുറേ കൊല്ലങ്ങളായി പ്രവർത്തിക്കുന്നത്. ഇതും വേണുഗോപാലിന്റെ വലിയ പ്ലസ് പോയിന്റ് ആണ്'-പത്മനാഭൻ അഭിപ്രായപ്പെട്ടു.

വേണുഗോപാൽ മുഖ്യമന്ത്രിയായി വരുന്നതിനെതിരെ ചിലർ പറയുന്ന കാര്യം എം.പി സ്ഥാനം രാജിവയ്ക്കണം, വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവരും എന്നൊക്കെയാണ്. സത്യത്തിൽ പല കാര്യങ്ങൾക്കും വേണ്ടി സംസ്ഥാനം തുക ചെലവഴിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ഉപതിരഞ്ഞെടുപ്പിന് വേണ്ടിവരുന്നത് ചെറിയൊരു തുക മാത്രമാണെന്നും ആ വാദത്തിൽ കഴമ്പില്ലെന്നും ടി. പത്മനാഭൻ ചൂണ്ടിക്കാട്ടി.

ഇടതുപക്ഷം ക്ഷണിച്ചുവരുത്തിയ തോൽവിയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുവികാരം സതീശന് അനുകൂലമാണെന്ന് തോന്നുന്നില്ലെന്നും ഫ്ലക്സ് വയ്ക്കുന്നത് ആണോ വ്യക്തിത്വമെന്നും അദ്ദേഹം ചോദിച്ചു. അർഹത മൂന്ന് പേർക്കും ഉണ്ടെന്നും സൈബർ ആക്രമണം തനിക്ക് ബാധകമല്ലെന്നും ടി.പത്മനാഭൻ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KC VENUGOPAL, UDF, T PADMANABHAN, WRITER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA