
കൂടുതൽ തസ്തികയില്ല,
സീനിയോരിറ്റി മാറ്റില്ല
തിരുവനന്തപുരം: പൊലീസിലെ വനിതാ പ്രാതിനിധ്യം 30ശതമാനമാക്കുന്നത് ഒറ്റയടിക്ക് നടപ്പാക്കില്ല. പ്രതിവർഷം 5ശതമാനമെന്ന തോതിൽ ഘട്ടംഘട്ടമായാണ് നടപ്പിലാക്കുക. എണ്ണംകൂട്ടാനായി അധിക തസ്തികകൾ സൃഷ്ടിക്കില്ല. സീനിയോരിറ്റി മാനദണ്ഡങ്ങളിലും നടപടിക്രമങ്ങളിലും മാറ്റം വരുത്താതെയാവും വനിതാ പ്രാതിനിധ്യം നിലവിലുള്ള 9:1ൽ നിന്ന് 7:3 ആയി കൂട്ടുകയെന്ന് ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി മിൻഹാജ് അലം വ്യക്തമാക്കി.
ഡി.ജി.പി റവാഡ ചന്ദ്രശേഖർ സമർപ്പിച്ച ശുപാർശ അംഗീകരിച്ചാണ് 30%വനിതാ പ്രാതിനിധ്യമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.
സേനയിൽ വനിതകളുടെ പ്രാതിനിധ്യം 33% ആയി ഉയർത്തുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കണമെന്നും അതിനാവശ്യമായ വനിതാ പൊലീസ് തസ്തികകൾ സൃഷ്ടിക്കണമെന്നും ആഭ്യന്തരകാര്യങ്ങളുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. 33%വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നിർദ്ദേശിച്ചിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുരുഷ-വനിതാ പൊലീസ് കോൺസ്റ്റബിൾ അനുപാതം 7:3 ആക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.
വനിതാ പ്രാതിനിധ്യം കൂട്ടുമ്പോൾ, പൊലീസ് സേനയുടെ പ്രവർത്തനക്ഷമതയിലും ദൈനംദിന പ്രവർത്തനങ്ങളിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും നിലവിലുള്ള പരിശീലന സൗകര്യങ്ങളുടെ അപര്യപ്തതയും വിലയിരുത്താൻ വിദഗ്ദ്ധപഠനം നടത്തണമെന്ന് ആഭ്യന്തരസെക്രട്ടറി നിർദ്ദേശിച്ചു. നിലവിൽ പുരുഷ, വനിതാ പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം റാങ്ക് ലിസ്റ്റുകൾ വഴിയാണ് പി.എസ്.സി നിയമിക്കുന്നത്. ഓരോ പത്താമത്തെ സി.പി.ഒ ഒഴിവും വനിതകൾക്കായി സംവരണം ചെയ്തിരിക്കുകയാണ്.
നിയമനം ഇങ്ങനെ
നിലവിൽ സിവിൽ പൊലീസ് ഓഫീസർ, എസ്.ഐ തസ്തികകളിലേക്കാണ് വനിതകൾക്ക് നേരിട്ടുള്ള നിയമനം. സി.ഐയും ഡിവൈ.എസ്.പിയുമെല്ലാം പ്രൊമോഷൻ തസ്തികകളാണ്.
എസ്.ഐ. പരീക്ഷയിൽ പുരുഷ- വനിതാ വേർതിരിവില്ല. ഒറ്റപരീക്ഷയാണ്. സിവിൽ പൊലീസ് ഓഫീസറുടേതിൽ വനിതാ, പുരുഷ പ്രത്യേകം പരീക്ഷയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |