SignIn
Kerala Kaumudi Online
Sunday, 07 June 2026 6.03 PM IST

1.32 ലക്ഷം കോടി ഗൂഗിൾ , നിക്ഷേപത്തിനു പിന്നിൽ മലയാളി

READ ENGLISH VERSION

ceo

കോട്ടയം: എ.ഐ രംഗത്തെ പുതിയ കണ്ടെത്തലുകൾക്കായി വിശാഖപട്ടണത്ത് ഗൂഗിൾ നടപ്പാക്കുന്ന പദ്ധതിക്കുപിന്നിൽ മലയാളിയായ തോമസ് കുര്യന്റെ ആശയമാണെന്നതിൽ അഭിമാനിക്കാം. യു.എസിന് പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമാണ് വരുന്നത്, 1.32 ലക്ഷം കോടി രൂപ.

അഞ്ചു വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് ഒരുക്കം. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അധിക ചുങ്കം ഈടാക്കി ഇന്ത്യയെ നോവിക്കുമ്പോഴാണ് ഇത്രയും വലിയ നിക്ഷേപം ഗൂഗിൾ നടത്തുന്നത്.

ഗൂഗിൾ ക്ളൗഡ്സ് ആഗോള സി.ഇ.ഒ തോമസ് കുര്യൻ കോട്ടയം പാമ്പാടി സ്വദേശിയാണ്. കോത്തല പുള്ളോലിക്കൽ പരേതനായ പി.സി. കുര്യൻ- അടൂർ ആരപ്പുരയിൽ കുടുംബാംഗം മോളി കുര്യൻ ദമ്പതികളുടെ നാലു മക്കളിലെ ഇരട്ടകളിൽ ഒരാൾ. തോമസ് കുര്യനും ഇരട്ട സഹോദരൻ ജോർജ് കുര്യനും പുറമേ മൂത്തസഹോദരൻമാരായ ജേക്കബ് കുര്യനും മാത്യു കുര്യനും ബെംഗളൂരുവിലെ സെന്റ് ജോസഫ്സിലായിരുന്നു സ്‌കൂൾ പഠനം.

പിന്നീട് ജോർജും തോമസും ഒരേ പാതയിലായി. തിരഞ്ഞെടുത്തത് മദ്രാസ് ഐ.ഐ.ടി. ഒരു മാസത്തിനുള്ളിൽ സ്‌കോളർഷിപ്പോടെ ഒരുമിച്ച് അമേരിക്കൻ യൂണിവേഴ്സിറ്റിയിലേക്ക്.

ഡേറ്റാബേസ് ബിസിനസിൽ മാത്രം കാര്യമായി ശ്രദ്ധയൂന്നിയിരുന്ന ഓറക്കിളിനെ മിഡിൽവെയർ എന്ന ബിസിനസിലേക്ക് കൈപിടിച്ചുയർത്തിയാണ് 2018ൽ തോമസ് കുര്യൻ ഗൂഗിളിന്റെ ഭാഗമായത്.

വെയ്റ്റർ ജോലിചെയ്ത് പഠനം

അമേരിക്കയിൽ കാർ പാർക്കിംഗ് ജോലിയും കഫേകളിൽ വെയ്റ്റർ ജോലിയുമൊക്കെ നോക്കിയാണ് പഠനത്തിനുള്ള പണം തോമസ് കുര്യനും സഹോദരനും കണ്ടെത്തിയത്. കോളേജ് പഠനം കഴിഞ്ഞതോടെ ഇരുവരും ഓറക്കിളിലെത്തി. ഇരുവരും വിവാഹം കഴിച്ചത് അമേരിക്കൻ വനിതകളെ. അമേരിക്കയിലെ രണ്ട് പ്രമുഖ ക്ളൗഡ് കമ്പനികളുടെ സി.ഇ.ഒ സഹോദരങ്ങൾ എന്ന കൗതുകവുമുണ്ട്. ഗൂഗിൾ ക്ളൗഡ്സ് സി.ഇ.ഒ ആണ് തോമസ്. ജോർജ് നെറ്റ് ആപ്പ് സി.ഇ.ഒയും. ഗൂഗിൾ മേധാവി സുന്ദർ പിച്ചയേക്കാൾ ആസ്തിയുണ്ട് ഇപ്പോൾ തോമസ് കുര്യന്.

1.88 ലക്ഷം തൊഴിൽ

നേരിട്ടും അല്ലാതെയുമായി 1.88 ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ ഹബ്ബിലൂടെ വരുമെന്നാണ് പ്രതീക്ഷ. ഇത് ഐ.ടി മേഖലയിൽ സ്വന്തം രാജ്യത്ത് ഉന്നത ശമ്പളമുള്ള തൊഴിൽ നേടുന്നതിന് അവസരമാകും. ഇത് പുതിയ യുഗത്തിന്റെ തുടക്കമെന്നാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പറഞ്ഞത്.

അമേരിക്കയ്ക്കു പുറത്ത് നടത്തുന്ന കമ്പനിയുടെ സുപ്രധാന നിക്ഷേപ പദ്ധതിയാകും ഇത്. ഗുഗിളിന്റെ സമുദ്രാന്തര കേബിൾ എത്തുന്ന ഹബ്ബായും മാറും.

-തോമസ് കുര്യൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GOOGLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA