SignIn
Kerala Kaumudi Online
Sunday, 08 November 2026 7.20 PM IST

ഓർഡർ എടുക്കാനും ഭക്ഷണം വിളമ്പാനും റോബോട്ടുകൾ,​ പാകിസ്ഥാനിലെ റസ്റ്റോറന്റിൽ സംഭവിക്കുന്നത് ഇതാണ്

robot-waiters
കറാച്ചിയിലെ സിസിലിയൻ റസ്റ്റോറന്റിൽ സേവനം നടത്തുന്ന റോബോട്ടുകൾ

റെസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പാൻ റോബോട്ടുകൾ എത്തുന്നത് ഇന്ന് പുതുമയുള്ള കാഴ്ചയല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് സാധാരണമായിക്കഴിഞ്ഞു. എന്നാൽ പാകിസ്ഥാനിൽ റോബോട്ടുകൾ ഭക്ഷണം വിളമ്പുന്നത് ഇപ്പോഴും കൗതുകക്കാഴ്ചയാണ്. കറാച്ചിയിലെ തിരക്കേറിയ സിസിലിയൻ എന്ന റസ്റ്റോറന്റിലെ റോബോട്ടുകളുടെ സേവനമാണ് ശ്രദ്ധേയമാകുന്നത്. വെയിറ്റർമാരായിട്ടാണ് ഇവരുടെ സേവനം. 'റോബിയ', 'ജോജോ' എന്നിങ്ങനെ പേരിട്ടിരിക്കുന്ന റോബോട്ടുകൾ കസ്റ്റമറുടെ മേശകളിലെത്തി ഭക്ഷണം വിളമ്പുന്നു.

അമേരിക്കയിലും ചൈനയിലുമെല്ലാം മനുഷ്യരൂപത്തിലുള്ള അത്യാധുനിക റോബോട്ടുകൾ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ പാകിസ്ഥാനിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ റോബോട്ടുകൾ വ്യത്യസ്തമായ അനുഭവമാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്. പാക് എൻജിനീയറും റസ്റ്റോറന്റ് സ്ഥാപകനുമായ സയിദ് ഒസാമ അസീസാണ് റോബോട്ടുകൾക്ക് പിന്നിൽ.

'സിസിലിയനിലേക്ക് സ്വാഗതം. എന്റെ പേര് റോബിയ' എന്ന ഇലക്ട്രോണിക് ശബ്ദത്തിലൂടെ പരിചയപ്പെടുത്തിയാണ് റോബിയ കസ്റ്റമറെ സ്വാഗതം ചെയ്യുന്നത്. ചുവന്ന എൽ.ഇ.ഡി കണ്ണുകൾ മിന്നുന്ന വൃത്താകൃതിയിലുള്ള വെളുത്ത തലയും ഇരുണ്ട മുഖാവരണവുമാണ് ഇവയുടെ ആകർഷണം. സ്ത്രീകൾ ധരിക്കുന്ന ദുപ്പട്ടയുടെ മാതൃകയിൽ കഴുത്തിൽ കറുത്ത ഷാളും അണിയിച്ചിട്ടുണ്ട്.

പാകിസ്ഥാനിൽ നിർമിച്ച വസ്തുക്കൾ ഉപയോഗിച്ചാണ് അസീസ് റോബോട്ടുകളെ വികസിപ്പിച്ചത്. രൂപകൽപ്പനയും പ്രോഗ്രാമിംഗും സ്വന്തം ലാബിൽ തന്നെയാണ് നിർവഹിച്ചത്. ഇവ നിർമിക്കുന്നതിനാവശ്യമായ ഉപകരണങ്ങളും മറ്റും പാകിസ്ഥാനിൽ എളുപ്പത്തിൽ ലഭ്യമല്ലാത്തതിനാൽ ചില ഇലക്ട്രോണിക് ഭാഗങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സ്വന്തം റോബോട്ടിക്സ് കമ്പനിയായ കോബോട്ടിലൂടെ ഇവയുടെ നിർമാണം പൂർത്തിയാക്കിയത്.

നിലവിൽ ഭക്ഷണം നിറച്ച ട്രേ ഉപഭോക്താക്കളുടെ മേശയ്ക്കരികിലെത്തിക്കുകയാണ് റോബോട്ടുകളുടെ ജോലി. ട്രേയിൽനിന്ന് ഭക്ഷണം സ്വയം എടുക്കണം. അല്ലെങ്കിൽ ജീവനക്കാരുടെ സഹായം തേടണം. ഭാവിയിൽ കൂടുതൽ സാങ്കേതിക മികവുള്ള സംവിധാനങ്ങൾ റോബോട്ടുകളിൽ ഉൾപ്പെടുത്താനാണ് അസീസിന്റെ പദ്ധതി.

റോബോട്ടുകളുടെ വരവ് റസ്റ്റോറന്റിലെത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. കുട്ടികൾ റോബോട്ടുകളെ തൊട്ടുനോക്കിയും രക്ഷിതാക്കൾ സെൽഫിയെടുത്തും സമയം ചെലവഴിക്കുന്നു. റോബോട്ടുകൾ സ്വയം പരിചയപ്പെടുത്തുന്നതും ഓർഡർ ചെയ്യാവുന്ന വിഭവങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകുന്നതും ഏറെ കൗതുകമുണർത്തുന്ന കാഴ്ചയാണ്. റോബോട്ടുകളുടെ രൂപവും പ്രവർത്തനരീതിയും വരുന്ന കസ്റ്റമർമാരെ ഒരുപോലെയാണ് ആകർഷിക്കുന്നത്.

English Summary

A Karachi restaurant in Pakistan now employs locally developed robots, Robia and Jojo, as waiters. Designed by Pakistani engineer Syed Osama Aziz using mostly indigenous materials, these robots greet customers and deliver food trays. This innovative service has significantly boosted customer numbers, offering a unique dining experience in Pakistan.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROBOT IN RESTAURANT, PAKISTAN, KARACHI, ROBOT WAITRESS, TECHNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE