SignIn
Kerala Kaumudi Online
Saturday, 31 October 2026 11.04 PM IST

പിസിബിയുടെ പിടിവാശി തിരിച്ചടിയാകുന്നു; പാക് താരങ്ങളെ ബഹിഷ്‌കരിക്കാനൊരുങ്ങി വിദേശ ഫ്രാഞ്ചൈസികൾ

pak-cricket-team
പാക് താരം ഷഹീൻ ഷാ അഫ്രീദി

ഇസ്‌ലാമബാദ്: ആഗോള ഫ്രാഞ്ചൈസി ക്രിക്കറ്റിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് അവസരങ്ങൾ കുറഞ്ഞേക്കുമെന്ന് മുന്നറിയിപ്പ്. പാക് ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) അനുവദിക്കുന്നതിലെ‌ കാലതാമസവും അവസാന നിമിഷത്തെ ഇടപെടലുകളും വിദേശ ട്വന്റി-20 ലീഗ് സംഘാടകരെ ചൊടിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. പ്രമുഖ ക്രിക്കറ്റ് മാദ്ധ്യമപ്രവർത്തകൻ സാജ് സാദിഖാണ് പാക് താരങ്ങളുടെ ഭാവി സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചത്. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ താരങ്ങളെ ചില ഫ്രാഞ്ചൈസി ലീഗുകൾ ബഹിഷ്‌കരിക്കുന്ന സാഹചര്യം ഉണ്ടായേക്കുമെന്ന് അദ്ദേഹം പറഞ്ഞു. താരങ്ങൾക്ക് എൻഒസി അനുവദിക്കുന്നതിൽ പിസിബി തുടരുന്ന കാലതാമസം വിദേശ ലീഗ് നടത്തുന്ന സംഘാടകരുടെ വിശ്വാസം നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്തിടെ വിവാദമായ എൻപിഎൽ (നേപ്പാൾ പ്രീമിയർ ലീഗ്)​ സംഭവവികാസങ്ങളാണ് വിദേശ ലീഗുകളുടെ അതൃപ്തി വർദ്ധിപ്പിക്കാൻ പ്രധാന കാരണങ്ങളിലൊന്നായി സാദിഖ് ചൂണ്ടിക്കാട്ടിയത്. വിദേശ ഫ്രാഞ്ചൈസികളുമായി കരാറിലേർപ്പെടുന്ന താരങ്ങൾക്ക് ടൂർണമെന്റിന് തൊട്ടുമുമ്പ് എൻഒസി നിഷേധിക്കുകയോ അനുമതിയിൽ മാറ്റം വരുത്തുകയോ ചെയ്യുന്നത് സംഘാടകർക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ലക്ഷക്കണക്കിന് രൂപ മുതൽമുടക്കി താരങ്ങളെ സ്വന്തമാക്കുകയും അവരുടെ സാന്നിദ്ധ്യം മുൻനിർത്തി വിപണന പദ്ധതികൾ തയ്യാറാക്കുകയും ചെയ്യുന്ന ഫ്രാഞ്ചൈസികൾക്ക് ടീമിന്റെ കാര്യത്തിൽ ഉറപ്പാണ് ആവശ്യം. എന്നാൽ പിസിബിയുടെ അവസാന നിമിഷത്തെ തീരുമാനങ്ങൾ ടീമുകളുടെ ആസൂത്രണത്തെയും സാമ്പത്തിക താൽപര്യങ്ങളെയും സാരമായി ബാധിക്കുന്നു. ദേശീയ ടീമിന്റെ മത്സരക്രമം, താരങ്ങളുടെ ജോലിഭാരം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും എൻഒസി അനുവദിക്കുന്നതിൽ പിസിബി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. എന്നാൽ വ്യക്തമായ മാനദണ്ഡങ്ങളില്ലാത്ത ഇത്തരം നടപടികൾ വിദേശ ലീഗ് സംഘാടകരെ കുഴപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

പാക് താരങ്ങൾക്കെതിരായ നീക്കം പരസ്യ ബഹിഷ്‌കരണത്തിന്റെ രൂപത്തിലാകണമെന്നില്ലെന്നും സാദിഖ് നിരീക്ഷിച്ചു. പകരം, താരലേലങ്ങളിൽ പാക് താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ നിന്നും ഫ്രാഞ്ചൈസികൾ പിന്മാറും. ഇത് പാക് താരങ്ങളുടെ വരുമാനത്തെയും സാരമായി ബാധിച്ചേക്കും. രാജ്യാന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന നിരവധി പാക് താരങ്ങൾ ഉപജീവനത്തിനായും തങ്ങളുടെ കരിയറിന്റെ വളർച്ചയ്ക്കുമായി ആശ്രയിക്കുന്നത് ഇത്തരം ഫ്രാഞ്ചൈസി ലീഗുകളെയാണ്.

English Summary

Pakistani cricketers may face fewer opportunities in global franchise cricket leagues.According to reports, delays and last-minute interventions by the Pakistan Cricket Board (PCB) in issuing No Objection Certificates (NOC) to players are angering foreign T20 league organizers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PCB, T20 LEAGUES, LATESTNEWS, SPORTS, PAKISTAN CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360