ഹരിപ്പാട്/വള്ളികുന്നം: ജില്ലയുടെ തെക്കൻ മേഖലകളിൽ തെരുവുനായ ആക്രമണം രൂക്ഷമാകുമ്പോഴും നായകൾക്ക് ജനനനിയന്ത്രണ നടപടികൾ (എ.ബി.സി) നടപ്പാക്കുന്നില്ലെന്ന പരാതി ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഹരിപ്പാടും വള്ളികുന്നത്തുമായി നിരവധിപേർക്കാണ് തെരുവു നായ്ക്കളുടെ കടിയേറ്റത്.
തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ബ്ലോക്ക് അടിസ്ഥാനത്തിൽ എ.ബി.സി കേന്ദ്രങ്ങളും ഷെൽട്ടറുകളും സ്ഥാപിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചെങ്കിലും ആവശ്യമായ ഭൂമി കണ്ടെത്താൻ കഴിയാത്തതാണ് തെക്കുകിഴക്കൻ മേഖലകളെ ഭീതിയിലാക്കിയത്. ആലപ്പുഴ ബീച്ചിലും കണിച്ചുകുളങ്ങരയിലുമാണ് നിലവിൽ എ.ബി.സി കേന്ദ്രങ്ങളുള്ളതെങ്കിലും ബീച്ചിലേത് മാത്രമാണ് സമ്പൂർണമായി പ്രവർത്തിക്കുന്നത്.
കണിച്ചുകുളങ്ങര സെന്ററിൽ വാക്സിനേഷൻ മാത്രമാണ് ലഭ്യമാകുന്നത്. ദേശീയ മൃഗക്ഷേമ വകുപ്പിന്റെ പുതുക്കിയ ജനനനിയന്ത്രണ ചട്ടങ്ങളനുസരിച്ചുള്ള ഫണ്ടും സ്ഥലവുമാണ് മറ്ര് സ്ഥലങ്ങളിൽ തടസമാകുന്നത്. കായംകുളം, ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലും ഇവിടങ്ങളിലെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഈ മേഖലകളിൽ കൂടുതൽ എ.ബി.സി സെന്ററുകൾ ആരംഭിച്ചാൽ മാത്രമേ വർദ്ധിക്കുന്ന തെരുവുനായ ഭീതിയ്ക്ക് പരിഹാരമുണ്ടാകു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
ചട്ടം കടുപ്പം, ഒന്നും നടക്കില്ല
ദേശീയ മൃഗക്ഷേമ വകുപ്പിന്റെ പുതുക്കിയ ജനന നിയന്ത്രണചട്ടം കടുപ്പം
കെട്ടിടങ്ങൾ എ.സിയാക്കണം. ക്യാമറ നിരീക്ഷണം വേണം
നായ്ക്കൾക്ക് ഭക്ഷണംവയ്ക്കാൻ അടുക്കള സൗകര്യം
പരിചയ സമ്പന്നരായ ഡോക്ടർമാരുൾപ്പടെ ജീവനക്കാർ വേണന
പരിശീലനം സിദ്ധിച്ച നായ പിടിത്തക്കാർ വേണം
തെരുവ് നായ്ക്കൾ
(നഗരസഭാ അടിസ്ഥാനത്തിൽ)
ആലപ്പുഴ:1875
ചേർത്തല: 1200
മാവേലിക്കര: 683
കായംകുളം: 853
ഹരിപ്പാട്: 678
തെരുവുനായ ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ എ.ബി.സി സെന്ററുകൾക്ക് ആവശ്യമായ ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ആരംഭിച്ചു. സ്ഥലവും ആവശ്യമായ ഫണ്ടും ലഭ്യമായാൽ സെന്ററുകൾ പ്രവർത്തനക്ഷമമാക്കാം.
- ജില്ലാ വെറ്റിനറി കേന്ദ്രം, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |