ആലപ്പുഴ: ജില്ലയിലെ മുഴുവൻ തെരുവുനായ്ക്കൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ജില്ലാ പൊതുജനാരോഗ്യ സമിതിയോഗത്തിൽ തീരുമാനമായി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സംയുക്ത പദ്ധതിയായിട്ടാകും നടപ്പാക്കുക. ഇതിന് മുന്നോടിയായി രണ്ട് മാസം നീണ്ടുനിൽക്കുന്ന കാമ്പയിൻ സംഘടിപ്പിക്കും.പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി, ഹാേട്ടൽ ജീവനക്കാർക്ക് പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ ഹെൽത്ത് കാർഡ് ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് യോഗം നിർദ്ദേശിച്ചു.
ജില്ലയിലെ ആർ.ഒ പ്ലാന്റുകളിൽ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ജല അതോറിട്ടിയും സംയുക്തമായി കുടിവെള്ള പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തും.ജില്ലയിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരെയും പങ്കെടുപ്പിച്ചുകൊണ്ട് പകർച്ചവ്യാധി - പൊതുജനാരോഗ്യ നിയമ ബോധവത്കരണ സെമിനാർ 27ന് സംഘടിപ്പിക്കാനും തീരുമാനിച്ചു.
ജില്ലാ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. വിദ്യ പി.വി, ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോ. ദിലീപ്കുമാർ എസ്.ആർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ. ശ്രീജ.ആർ, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ.റംലത്ത്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ബിനു, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് മാത്യു, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ എൽ.സുസ്മിത, ടെക്നിക്കൽ അസിസ്റ്റന്റ് ജയൻ കെ.എ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |