ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവിതരണത്തിന് കമ്മ്യൂണിറ്റി കിച്ചൺ പദ്ധതിയെന്ന പ്രഖ്യാപനത്തിലേക്ക് ആരോഗ്യവകുപ്പിനെയും സർക്കാരിനെയും പ്രേരിപ്പിച്ചത് ജി.സുധാകരൻ എം.എൽ.എയുടെ ആശയം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചില സംഘടനകളുടെ നേതൃത്വത്തിൽ കൊടി നാട്ടിയും ഷെഡുകൾ സ്ഥാപിച്ചും ഭക്ഷണവിതരണം നടത്തുന്നത് തെറ്റായ സന്ദേശത്തിനിടയാക്കുന്നത് ചൂണ്ടിക്കാട്ടി ആലപ്പുഴയിൽ പൊതുപരിപാടിയിൽ ജി.സുധാകരൻ നടത്തിയ വിമർശനമാണ് കമ്യൂണിറ്റി കിച്ചണിലേക്ക് നയിച്ചത്. എം.എൽ.എയുടെ വിമർശനത്തെ രാഷ്ട്രീയമായി ഡി.വൈ.എഫ്.ഐയും സി.പി.എമ്മും ഏറ്റെടുക്കുകയും അതിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ വിമർശനമുയർത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് എം.എൽ.എയുടെ നിർദ്ദേശത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് ആആപ്പുഴ മെഡിക്കൽ കോളേജിൽ തന്നെ ആദ്യമായി കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി നടപ്പാക്കാൻ സർക്കാർ തയ്യാറായത്. ആശുപത്രികളിൽ ബാനറും കൊടിയുംസ്ഥാപിച്ചുള്ള സൗജന്യ ഭക്ഷണ വിതരണം പാടില്ലെന്നും സംഘടനകൾക്ക് ഭക്ഷണപ്പൊതികൾ കമ്യൂണിറ്റി കിച്ചൺവഴി വിതരണം ചെയ്യാമെന്നുമാണ് ഇന്നലെ മന്ത്രി കെ.മുരളീധരൻ അറിയിച്ചത്. ആശുപത്രികളിൽ കഴിയുന്ന രോഗികൾക്ക് ഭക്ഷണവിതരണത്തിനുള്ള ഉത്തരവാദിത്വം സർക്കാരിനാണെന്നായിരുന്നു സുധാകരൻ ചൂണ്ടിക്കാട്ടിയത്.
ഫണ്ട് സ്പോൺസർഷിപ്പിലൂടെ
തിരുവവനന്തപുരം പുലയനാർകോട്ട ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി 200 രോഗികൾക്കായി ആശുപത്രി മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നുണ്ട്. സ്പോൺസർഷിപ്പിലൂടെ സ്വരൂപിക്കുന്ന പണവും സാധനങ്ങളും ഉപയോഗിച്ചാണ് ഇവിടെ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ഇതേ മാതൃകയിൽ പ്രതിദിനം രണ്ടായിരത്തോളം പേർക്ക് ആലപ്പുഴയിൽ ഭക്ഷണവിതരണം നടത്താനാണ് ആലോചന. കഴിവതും വേഗം കമ്യൂണിറ്റി കിച്ചൺ സംവിധാനം ആലപ്പുഴ മെഡി.കോളേജിൽ സജ്ജമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
അടുത്തയാഴ്ച റിവ്യൂമീറ്റിംഗ് ചേർന്നശേഷം കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ സർക്കാർ പ്രഖ്യാപനമുണ്ടാകും
- ഡോ. വിശ്വനാഥൻ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |