
തുറവൂർ: ദേശീയപാതയിലെ ഉയരപ്പാതയുടെ നീളംകൂട്ടി നിർമ്മിക്കുന്നതിന്റെ ഭാഗമായി തുറവൂർ കവലയിൽ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം യാത്രക്കാർക്ക് ദുരിതമാകുന്നു. കവലയിൽ സ്ഥാപിച്ച ബാരിക്കേഡുകൾ മൂലം ,വിവിധഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് നേരിട്ട് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
തൈക്കാട്ടുശ്ശേരി റോഡിൽ നിന്നും കുമ്പളങ്ങി റോഡിൽ നിന്നും എത്തുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് നേരിട്ട് പ്രവേശിക്കാതിരിക്കാനാണ് ബാരിക്കേഡുകൾ സ്ഥാപിച്ചത്. ഇതുമൂലംകുമ്പളങ്ങി റോഡിൽ നിന്നെത്തുന്ന വാഹനങ്ങൾ കവലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞും തൈക്കാട്ടുശ്ശേരി ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ തെക്കോട്ട് സർവീസ് റോഡിലൂടെ സഞ്ചരിച്ചും ലക്ഷ്യസ്ഥാനങ്ങളിലെത്തേണ്ടിവരുന്നു. തൈക്കാട്ടുശ്ശേരി റോഡിൽ നിന്ന് തുറവൂർ താലൂക്ക് ആശുപത്രിയിലേക്ക് രോഗികളുമായി എത്തുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കവലയിൽ നിന്ന് തെക്കോട്ട് പാലക്കപ്പറമ്പ് വരെ എത്തി യു-ടേൺ എടുത്ത് ഒരു കിലോമീറ്റർ അധികദൂരം സഞ്ചരിച്ച ശേഷമാണ് ആശുപത്രിയിലെത്തേണ്ടത്. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുടെ ജീവൻതന്നെ ഇത് അപകടത്തിലാക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയുടെ കിഴക്കുഭാഗത്ത് പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾക്ക് പടിഞ്ഞാറ് ഭാഗത്തേക്കും പടിഞ്ഞാറ് ഭാഗത്തുള്ള ഓട്ടോറിക്ഷകൾക്ക് കിഴക്ക് ഭാഗത്തേക്കും എളുപ്പത്തിൽ എത്താൻ കഴിയുന്നില്ല. കൂടാതെ, കാൽനടയാത്രക്കാർക്ക് കവലയിൽ റോഡ് മുറിച്ചുകടക്കുന്നതും ദുഷ്കരമായിരിക്കുകയാണ്.
തുറവൂർ–അരൂർ ഉയരപ്പാതയുടെ നീളം കൂട്ടുന്ന പദ്ധതിയുടെ ഭാഗമായാണ് തുറവൂർ കവലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്
പുതിയ രൂപരേഖ പ്രകാരം കവലയിൽ നിന്ന് തെക്കോട്ട് ആലക്കപ്പറമ്പ് വരെ 210 മീറ്റർ ദൂരത്തിൽ ഉയരപ്പാത തൂണുകളിലൂടെ നീട്ടിനിർമ്മിക്കും
അവിടെ നിന്ന് 250 മീറ്റർ നീളത്തിൽ അനുബന്ധ സർവീസ് റോഡും നിർമിക്കുകയും ചെയ്യും
കവലയിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ നീക്കം ചെയ്ത് ഗതാഗത നിയന്ത്രണത്തിനായി പൊലീസിനെ നിയോഗിച്ചാൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും
- ഓട്ടോറിക്ഷ തൊഴിലാളികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |