കായംകുളം : ഓവർടേക്ക് ചെയ്യുന്നതിന് ഹോൺ മുഴക്കിയതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ആക്രമിച്ച സ്കൂട്ടർ യാത്രക്കാരായ അഞ്ചംഗസംഘം പിടിയിലായി. രണ്ടാംകുറ്റി സ്വദേശി മുഹമ്മദ് യാസിൻ (21), ചേരാവള്ളി സ്വദേശി ആദിത്യൻ (20), പെരുങ്ങാര സ്വദേശി മുഹമ്മദ് ഫർഹാൻ (20), പെരുങ്ങാല സ്വദേശി അഖിൽ (20), പുള്ളിക്കണക്ക് സ്വദേശി ആദിഷ് എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തു നിന്ന് പഴനിക്ക് പോകുകയായിരുന്നു സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ തിരുവനന്തപുരം പോത്തൻകോട് സ്വദേശി പ്രവീണിനാണ് മർദ്ദനമേറ്റത്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെ, ദേശീയപാതയിൽ കൃഷ്ണപുരത്തിന് സമീപമായിരുന്നു സംഭവം. പാതയുടെ ഇടുങ്ങിയ ഭാഗത്തുകൂടി സഞ്ചരിക്കുകയായിരുന്ന ബസിന്റെ മുന്നിൽ രണ്ട് സ്കൂട്ടറുകളിലായി സഞ്ചരിക്കുകയായിരുന്ന അഞ്ചംഗസംഘം കടന്നുപോകാൻ ഇടംകൊടുത്തില്ല. തുടർന്ന് ഡ്രൈവർ ഹോൺ മുഴക്കുകയും ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടാവുകയുമായിരുന്നു. അസഭ്യം പറഞ്ഞുകൊണ്ട് സംഘം ഡ്രൈവറെ മർദ്ദിച്ചു. പരിക്കേറ്റ പ്രവീൺ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുറ്റകരമായ നരഹത്യാശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പിടിയിലായവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |