ആലപ്പുഴ: കൗമാര കായികപ്രതിഭകളുടെ പോരാട്ടവീര്യത്തിന് ആവേശം പകർന്ന് ജില്ലാ സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. ട്രാക്കിലും ഫീൽഡിലും പുതിയ റെക്കാഡുകൾ കുറിക്കാൻ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങളാണ് അണിനിരക്കുന്നത്. ആദ്യദിനമായ കലവൂർ ലിമിറ്റ്ലെസ് സ്പോർട്സ് ഹബ്ബിൽ ത്രോ ഇനങ്ങൾ അരങ്ങേറി. പകൽച്ചൂടിൽ വിയർപ്പൊഴുക്കി ആരംഭിച്ച മത്സരങ്ങൾ വൈകിട്ടത്തെ മഴയിൽ കുളിച്ചാണ് അവസാനിച്ചത്. സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ക്രോസ് കൺട്രി, ഷോട്ട് പുട്ട്, സീനിയർ, ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഡിസ്കസ്ത്രോ, ജാവലിൻ, ഹാമർത്രോ എന്നീ മത്സരങ്ങളാണ് നടന്നത്. രണ്ടാംദിനമായ ഇന്ന് ചേർത്തല സെന്റ് മൈക്കിൾസ് കോളജ് ഗ്രൗണ്ടിൽ അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് തുടക്കമാകും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ വേഗതാരങ്ങളെ കണ്ടെത്തുന്ന 100 മീറ്റർ ഓട്ടവും 4x100 റിലേയും വേദിയിൽ അരങ്ങേറും. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നിർവഹിക്കും. പി. പ്രസാദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഇന്ത്യൻ അത്‌ലറ്റിക്സ് പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ പി.രാധാകൃഷ്ണൻ നായർ മുഖ്യാതിഥിയാകും.
വിജയം ആവർത്തിച്ച് അമേയ
ഡിസ്ക്കസ് ത്രോയിൽ നാലാംവർഷവും ഹാമർ ത്രോയിൽ രണ്ടാം വർഷവും ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ അമേയ തോമസ്. ജില്ലാ കായികമേളയിൽ തുടർച്ചയായ നാലാം വർഷമാണ് ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ അമേയ മത്സരിക്കുന്നത്. ജൂനിയർ ഗേൾസ് വിഭാഗത്തിലാണ് അഭിമാനനേട്ടം. കഴിഞ്ഞ വർഷം ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനവുമുണ്ടായിരുന്നു. 2023-ൽ സംസ്ഥാനതല മത്സരത്തിൽ ഡിസ്കസ് ത്രോയിൽ സ്വർണമെഡൽ നേടിയ അമേയ ആലപ്പുഴ വട്ടയാൽ നാലുതൈക്കൽ വീട്ടിൽ ഫുട്ബാൾ താരമായിരുന്ന മനോജ് തോമസിന്റെയും ആലപ്പുഴ റെയിൽവേ എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥ അനു ആന്റണിയുടെയും മകളാണ്. സഹോദരൻ : അമൽ തോമസ്.
അതുല്യം ഈ നേട്ടം
ഷോട്ട് പുട്ടിൽ വിജയം ആവർത്തിച്ച് ആലപ്പുഴ എസ്.ഡി.വി ബി.എച്ച്.എസ്.എസ്സിലെ പ്ലസ് ടു വിദ്യാർഥിനി സി.എച്ച്.അതുല്യ. ജില്ലാ കായികമേളയിൽ സീനിയർ ഗേൾസ് ഷോട്ട് പുട്ടിൽ തുടർച്ചയായി രണ്ടാംവർഷമാണ് ഒന്നാംസ്ഥാനം നേടുന്നത്. കഴിഞ്ഞ വർഷം ഡിസ്കസ് ത്രോയിൽ മൂന്നാം സ്ഥാനവും ഹാമർ ത്രോയിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു.ആലപ്പുഴ തമ്പകച്ചുവട് ചിറയിൽവീട്ടിൽ ഡ്രൈവറായ ഹരിലാലിന്റെയും സ്വപ്നയുടെയും മകളാണ്.
അച്ഛന്റെ പരിശീലന മികവിൽ
ഒന്നാമതെത്തി മകൻ
അച്ഛന്റെ പരിശീലന മികവിൽ മകന് നാലാം വട്ടവും സ്വർണ നേട്ടം. സീനിയർ ബോയ്സ് ഡിസ്കസ് ത്രോയിൽ ഒന്നാമനായ ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായടിറ്റി കിരൺ, അച്ഛൻ കിരൺ എബ്രഹാമിന്റെ ശിക്ഷണത്തിലാണ് മത്സരത്തിനിറങ്ങിയത്. ജില്ലാ കായികമേളയിൽ കഴിഞ്ഞ മൂന്നു വർഷവും ഡിസ്കസ് ത്രോയിൽ ഒന്നാമതെത്തിയ ടിറ്റി ഇത്തവണയും മികവ് ആവർത്തിച്ചു. 2024ൽ സംസ്ഥാനതലത്തിൽ സ്വർണം നേടിയിരുന്നു. കഴിഞ്ഞ വർഷം ഹാമർ ത്രോയിലും ഒന്നാം സ്ഥാനം സ്വന്തമാക്കി. പിതാവ് കിരൺ എബ്രഹാം കായികമേളയിൽ പങ്കെടുക്കുന്ന ഒട്ടേറെ താരങ്ങൾക്ക് പരിശീലനം നൽകുന്നുണ്ട്. തിരുവമ്പാടി പുത്തൻപുരയിൽ സാജിയാണ് അമ്മ . ടിറ്റിയുടെ ഇരട്ടസഹോദരി ടിനിയും കായികതാരമാണ്. ബിരുദവിദ്യാർത്ഥിയായ നിയയാണ് മറ്റൊരു സഹോദരി.
ജാവലിനിൽ കാശിനാഥൻ
സ്കൂൾ ഗ്രൗണ്ടിൽ പരിശീലക ഓഷിൻ പകർന്ന ആവേശം കരുത്താക്കി പരിശീലിച്ച് മത്സരത്തിനിറങ്ങിയ വി.കാശിനാഥന് ജൂനിയർ ബോയ്സ് വിഭാഗം ജാവലിൻ ത്രോയിൽ തുടർച്ചയായ രണ്ടാം തവണയും ഒന്നാം സ്ഥാനം. അരൂർ സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. അരൂർ വിജേഷ് നിവാസിൽ ഓട്ടോറിക്ഷാ ഡ്രൈവറായ വിജേഷിന്റെയും തുഷാരയുടെയും മകനാണ്. സഹോദരി ശിവഗംഗ. പരിമിതമായ സാഹചര്യങ്ങൾക്കിടയിലും കായികരംഗത്ത് തന്റേതായ അടയാളം രേഖപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ് കാശിനാഥൻ.
കഴിഞ്ഞ വർഷത്തെ സ്ഥാനങ്ങൾ
'മാറ്റിപ്പിടിച്ച് 'സഹപാഠികൾ
കഴിഞ്ഞ വർഷത്തെ സ്ഥാനങ്ങൾ ഇത്തവണ പരസ്പരം 'മാറ്റിപ്പിടിച്ച് ' സഹപാഠികൾ. ക്രോസ് കൺട്രി പെൺകുട്ടികളുടെ വിഭാഗത്തിലാണ് കൗതുകകരമായ വിശേഷം. നൂറനാട് സി.ബി.എം എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ മെറിൻ ബിനോയ് ഒന്നാം സ്ഥാനവും എ.ഗോപിക മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ വർഷം ഗോപികയ്ക്ക് ഒന്നാം സ്ഥാനവും മെറിന് മൂന്നാം സ്ഥാനവുമായിരുന്നു. 1500, 3000 മീറ്ററിലും ട്രിപ്പിൾ ജംപിലും മെറിൻ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം 1500 മീറ്ററിൽ വെള്ളി നേടിയിരുന്നു. ഗോപികയ്ക്ക് 300 മീറ്റർ നടത്തവും ലോംഗ് ജമ്പും 200 മീറ്റർ ഓട്ടവുമാണ് ഇനിയുള്ള മത്സരങ്ങൾ.
ക്രോസ് കൺട്രി ആൺകുട്ടികളുടെ വിഭാഗത്തിൽ ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മിബാരിസ് ബിൻ സിദിഖിനാണ് സ്വർണം. മിബാരിസിന് ഇന്ന് നടക്കുന്ന 1500, 800 മീറ്ററിലും മത്സരങ്ങളുണ്ട്. പെൺകുട്ടികളുടെ വിഭാഗത്തിൽ പുള്ളിക്കണക്ക് എൻ.എസ്.എസ് എച്ച്.എസിലെ അഭിനന്ദ ആർ.നായർക്കും ആൺകുട്ടികളുടെ വിഭാഗത്തിൽ ബുധനൂർ ഗവ. എച്ച്.എസ്.എസിലെ ജോയൽ ജോയ് റെജിലിനുമാണ് രണ്ടാം സ്ഥാനം.
ആലപ്പുഴ മുന്നിൽ
ആലപ്പുഴ: സ്കൂൾ കായികമേളയുടെ ആദ്യദിനം ആലപ്പുഴ ഉപജില്ലയുടെ കുതിപ്പ്. എട്ട് സ്വർണവും നാലുവീതം വെള്ളിയും വെങ്കലവും നേടിയ ആലപ്പുഴ 56 പോയിന്റ് നേടി ഒന്നാംസ്ഥാനത്തുണ്ട്. രണ്ട് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടിയ ആതിഥേയരായ ചേർത്തല ഉപജില്ലയാണ് രണ്ടാമത്. 21പോയിന്റുണ്ട്. ഒരുസ്വർണവും രണ്ടുവെള്ളിയും ഒരു വെങ്കലവും വീതം നേടിയ ചെങ്ങന്നൂർ,മാവേലിക്കര ഉപജില്ലകൾ മൂന്നും നാലും സ്ഥാനത്താണ്. ഒന്നുവീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലവും നേടിയ തുറവൂർ ഉപജില്ലയാണ് അഞ്ചാമത്. 10പോയിന്റുണ്ട്.സ്കൂൾ വിഭാഗത്തിൽ ആലപ്പുഴ എസ്.ഡി.വി ബി.എച്ച്.എസാണ് മുന്നിൽ. മൂന്ന് സ്വർണവും ഒരുവെള്ളിയും ഉൾപ്പെടെ 18 പോയന്റാണ് നേടിയത്. രണ്ട് സ്വർണം നേടി ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് എച്ച്.എസ്.എസ് സ്കൂൾ രണ്ടാമതും ഒന്ന് വീതം സ്വർണവും വെള്ളിയും വെങ്കലവും നേടി ചാരമംഗലം ഗവ. ഡി.വി.ബി.എച്ച്.എസ് ഒമ്പത് പോയിന്റുമായി മൂന്നാമതുമുണ്ട്.
മിന്നലിൽ വിറച്ച് കായികവേദി
ഇന്നലെ വൈകുന്നരമുണ്ടായ ശക്തമായ ഇടിമിന്നലിൽ ഞെട്ടിവിറച്ച് കായികവേദി. മഴ മൂലം മത്സരങ്ങൾ അവസാനിപ്പിച്ച് താരങ്ങളും പരിശീലകരും സംഘാടകരും മാദ്ധ്യമപ്രവർത്തകരും സമീപത്തെ കെട്ടിടത്തിനുള്ളിൽ കയറി നിന്നപ്പോഴാണ് മിന്നലുണ്ടായത്. കെട്ടിടത്തിൽ ചാരി നിന്ന പലർക്കും മിന്നലേറ്റ് ഷോക്കടിക്കുന്ന പ്രതീതി ഉണ്ടായി.
പോയിന്റ് നില
ആലപ്പുഴ -56
ചേർത്തല-21
ചെങ്ങന്നൂർ-12
മാവേലിക്കര-12
തുറവൂർ-10
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |