SignIn
Kerala Kaumudi Online
Monday, 05 October 2026 1.48 PM IST

കൊടുംചൂടിനെ അതിജീവിച്ച് സിനിമാ ചിത്രീകരണങ്ങൾ

shoot

കൊച്ചി: വെയിലുള്ളപ്പോൾ പുറംചിത്രീകരണം ഒഴിവാക്കിയും വിശ്രമത്തിന് എ.സി മുറികളൊരുക്കിയും കൊടുംചൂടിനെ അതിജീവിച്ച് മുന്നേറുകയാണ് 20 മലയാള സിനിമകളുടെ ചിത്രീകരണം. കഴിഞ്ഞയാഴ്‌ച പെയ്‌ത മഴ ആശ്വാസമായെങ്കിലും പുറംചിത്രീകരണങ്ങൾ വ്യാപകമായിട്ടില്ല.

കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും കർണാടകയിലും ചിത്രീകരണം നടക്കുന്നുണ്ട്. ചൂടിനെ നേരിടാൻ മുൻകരുതലുകൾ സ്വീകരിച്ചതിനാൽ ഒരിടത്തും തടസങ്ങളുണ്ടായിട്ടില്ല.

ശീതീകരിച്ച സ്റ്റുഡിയോകളിലും മറ്റിടങ്ങളിലുമാണ് ഇൻഡോർ ചിത്രീകരണം. പുറംചിത്രീകരണം രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഒഴിവാക്കി. ഇവിടങ്ങളിൽ കൂളറുകൾ, വിശ്രമിക്കാൻ സൗകര്യം, ആവശ്യത്തിന് ശുദ്ധജലം തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ടെന്ന് കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറിയും നിർമ്മാതാവുമായ സജി നന്ത്യാട്ട് പറഞ്ഞു.

കാരവനുകളിൽ വിശ്രമിച്ചാണ് സൂപ്പർ താരങ്ങൾ ഉൾപ്പെടെ ചിത്രീകരണത്തിൽ പങ്കെടുക്കുന്നത്. മിക്കവരും സ്വന്തം കാരവനുമായി എത്തും. മറ്റ് അഭിനേതാക്കൾക്ക് ശീതീകരിച്ച മുറികൾ, കഴിക്കാൻ തണ്ണിമത്തൻ, ജ്യൂസുകൾ തുടങ്ങിയവ നൽകും. ആവശ്യമായ മുൻകരുതലുകൾ അവർ സ്വയം സ്വീകരിക്കുന്നുമുണ്ട്.

സാങ്കേതിക പ്രവർത്തകർക്ക് സുരക്ഷ

സംവിധായകർ മുതൽ ലൈറ്റ് ബോയിമാർ വരെയുള്ള സാങ്കേതികപ്രവർത്തകരാണ് കൊടുംചൂടിൽ ഏറ്റവുമധികം വിഷമിക്കുന്നത്. ഇവരുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകുന്നു. സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫെഫ്ക നൽകിയ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് ചിത്രീകരണം. ഉച്ചസമയം ഒഴിവാക്കുക, പുറംചിത്രീകരണം പരമാവധി ഒഴിവാക്കുക, എല്ലാവർക്കും ശീതീകരിച്ച മുറി ഉറപ്പാക്കുക എന്നിവ നടപ്പാക്കിയതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ചൂടായാലും മഴയായാലും തൊഴിൽ ചെയ്യാതെ നിവൃത്തിയില്ലല്ലോയെന്നാണ് പുറം ചിത്രീകരണജോലികൾ ചെയ്യുന്നവരുടെ പ്രതികരണം.

''ചൂടിന്റെ പേരിൽ അഭിനേതാക്കളാരും ചിത്രീകരണത്തിൽ നിന്ന് മാറിനിൽക്കുന്നില്ല. ആർക്കും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിട്ടുമില്ല.""

ഇടവേള ബാബു

അമ്മ ജനറൽ സെക്രട്ടറി

''തിയേറ്ററുകളിൽ പ്രേക്ഷകർ വർദ്ധിച്ച സാഹചര്യത്തിൽ സിനിമാമേഖല ഉണർവിലാണ്. ചൂടിനെ വകവയ്ക്കാതെ എല്ലാവരും ചിത്രീകരണവുമായി സഹകരിക്കുന്നുണ്ട്.""

ബി.ആർ. ജേക്കബ്

പ്രസിഡന്റ്

ഫിലിം ചേംബർ ഒഫ് കൊമേഴ്‌സ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SHOOTTING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL