
കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്രയൊരുക്കിയ സർക്കാരിന്റെ പ്രിയദർശിനി പദ്ധതി സ്വകാര്യ ബസുകളെ പ്രതിസന്ധിയിലാക്കുന്നു. കെ.എസ്.ആർ.ടി.സി ഓഡിനറി സർവീസ് കൂടുതലുള്ള പ്രദേശങ്ങളിൽ പ്രതിദിന കളക്ഷനിൽ 2000 രൂപയിലേറെ കുറവാണ് വരുന്നതെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു. ഡീസൽ ചെലവിനും ജീവനക്കാർക്കുള്ള വേതനത്തിനും പണമിറക്കിയാൽ നഷ്ടം ബാക്കി. പ്രതിദിനം 500 രൂപയോളം കൈനഷ്ടം സഹിച്ചാണ് പല വണ്ടികളും ഇപ്പോൾ നിരത്തിലിറങ്ങുന്നത്.
ജില്ലയിൽ പറവൂർ-ആലുവ റൂട്ടുകളിലും കലൂർ - മൂവാറ്റുപുഴ റൂട്ടിലുമാണ് വരുമാനക്ഷീണം ഏറ്റവും പ്രകടമായിട്ടുള്ളത്. ആലുവ - പെരുമ്പാവൂർ, ആലുവ - പോത്തൻമംഗലം, പറവൂരിലെ ഭൂരിഭാഗം റൂട്ടുകളിലെ സർവീസുകളെയും ബാധിച്ചിട്ടുണ്ട്. കൂടുതൽ ഓർഡിനറി സർവീസുകൾ ഓടുന്ന പശ്ചിമകൊച്ചി ഭാഗങ്ങളിൽ നിന്ന് ടൗൺ കേന്ദ്രീകരിച്ച് കൊച്ചി വഴി ചേർത്തലയിലേക്ക് പോകുന്ന ബസുകൾക്കും വരുമാന നഷ്ടം സംഭവിച്ചിട്ടുണ്ട്.
വിട്ടുനൽകാമെന്ന് ഉടമകൾ
കെ.എസ്.ആർ.ടി.സിയെ പോലെ സ്വകാര്യ ബസ് മേഖലയെയും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി മുൻപ് ഉറപ്പുനൽകിയ പശ്ചാത്തലത്തിൽ, നിലവിലെ പ്രതിസന്ധി മറികടക്കാൻ പുതിയൊരു ബദൽ നിർദ്ദേശം ബസ് ഉടമകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. കിലോമീറ്ററിന് 55 രൂപ നിരക്കിൽ സ്വകാര്യ ബസുകൾ സർക്കാർ വാടകയ്ക്ക് എടുക്കുകയാണെങ്കിൽ വിട്ടുനൽകാൻ തയ്യാറാണെന്ന് ഉടമകൾ വ്യക്തമാക്കുന്നു. തുക ലഭ്യമാക്കിയാൽ വണ്ടിയുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉടമകൾ തന്നെ ചെയ്തുകൊള്ളാമെന്നതാണ് വ്യവസ്ഥ. ബസുകൾ ഏറ്റെടുത്താൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കൂടുതൽ സർവീസുകൾ ഉറപ്പുവരുത്താൻ സാധിക്കുമെന്നാണ് വാദം.
ഇന്ന് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ തകർച്ച നേരിടുന്ന സ്വകാര്യ ബസ് മേഖലയ്ക്ക് ഗുണകരമാകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന വലിയ പ്രതീക്ഷയിലാണ് ഉടമകൾ. ബഡ്ജറ്റ് പ്രഖ്യാപനങ്ങൾക്ക് ശേഷമായിരിക്കും മേഖലയുടെ നിലനിൽപ്പിനായുള്ള ഭാവി കാര്യങ്ങളും മറ്റു നീക്കങ്ങളും തീരുമാനിക്കുക.
കെ.ബി. സുനീർ
ജില്ലാ ജനറൽ സെക്രട്ടറി
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
ജില്ലയിൽ ആകെ ബസുകൾ: 1,450-1,500
മുമ്പ് വരുമാനം 10000
നിലവിൽ 8000 ൽ താഴെ
ഡീസൽ ചെലവ്: 6,000 രൂപ
തൊഴിലാളികളുടെ കൂലി: 2,500 രൂപ
ആകെ ചെലവ്: 8,500 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |