
9,412 പേർ സ്ഥിരപ്രവേശനം നേടി
കൊച്ചി: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യഅലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ ജില്ലയിൽ 19,038 പേർക്ക് അവസരം ലഭിച്ചു. ട്രയൽ അലോട്ട്മെന്റിൽ ഉൾപ്പെട്ട ഭൂരിഭാഗം പേർക്കും ഒന്നാം അലോട്ട്മെന്റിൽ അവസരം ലഭിച്ചു. 9,412 വിദ്യാർത്ഥികൾ സ്ഥിരപ്രവേശനം നേടി. അതേസമയം, ആദ്യ അലോട്ട്‌മെന്റിൽ സീറ്റ് ലഭിച്ചെങ്കിലും ഉയർന്ന ഓപ്ഷനുകൾക്കായി കാത്തിരിക്കുന്ന 7,353 വിദ്യാർത്ഥികൾ താത്കാലിക പ്രവേശനമാണ് എടുത്തിട്ടുള്ളത്. വരും അലോട്ട്‌മെന്റുകളിൽ ഇവർക്ക് തങ്ങൾ ആഗ്രഹിച്ച സ്കൂളുകളിലേക്കോ കോഴ്‌സുകളിലേക്കോ മാറാൻ അവസരമുണ്ടാകും.
അലോട്ട്‌മെന്റിൽ പേര് വന്നിട്ടും പ്രവേശന നടപടികൾ പൂർത്തിയാക്കാത്ത 2,102 വിദ്യാർത്ഥികൾ ജില്ലയിലുണ്ട്. നിശ്ചിതസമയത്തിനകം ഫീസടയ്ക്കാത്തതിനാലും താത്കാലിക പ്രവേശനം നേടാത്തതിനാലും ഇവർ പ്രവേശന പ്രക്രിയയിൽ നിന്ന് പുറത്തായി. അപേക്ഷകളിലെ തെറ്റായവിവരങ്ങൾ, കൃത്യമായ സർട്ടിഫിക്കറ്റുകളുടെ കുറവ്, മറ്റ് സാങ്കേതിക കാരണങ്ങളാൽ 171 അപേക്ഷകർക്ക് പ്രവേശനം നിരസിക്കപ്പെട്ടു.
മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം
ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ ആദ്യഘട്ടത്തിൽ 17 വിദ്യാർത്ഥികൾക്ക് അലോട്ട്‌മെന്റ് ലഭിച്ചു. ഇതിൽ 10പേർ സ്ഥിരപ്രവേശനവും 2പേർ താത്കാലിക പ്രവേശനവും നേടി. അഞ്ച് വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് ലഭിച്ചിട്ടും ഹാജരായില്ല.
പ്രധാന അലോട്ട്മെന്റുകൾ:
രണ്ടാം അലോട്ട്‌മെന്റ് 22ന്: ഒന്നാം അലോട്ട്‌മെന്റിൽ താത്കാലിക പ്രവേശനം നേടിയവർക്കും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും ഉയർന്ന ഓപ്ഷനുകൾ ലഭിക്കാൻ അവസരമുണ്ടാകും.
മൂന്നാം അലോട്ട്‌മെന്റ് 29ന്: പ്രധാന അലോട്ട്‌മെന്റ് ഘട്ടത്തിലെ അവസാന ലിസ്റ്റാണിത്. മൂന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് വരുന്നതോടെ മുഖ്യഘട്ടത്തിലെ പ്രവേശന നടപടികൾ പൂർത്തിയാകും.
സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ: പ്രധാന അലോട്ട്‌മെന്റുകളുടെ മൂന്ന് ഘട്ടങ്ങളും പൂർത്തിയായശേഷവും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെങ്കിൽ ജൂലായ് മാസത്തിൽ സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ ആരംഭിക്കും. ആദ്യഘട്ടങ്ങളിൽ അപേക്ഷിക്കാൻ സാധിക്കാത്തവർക്കും, അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാനാവാതെ പുറത്തായവർക്കും പുതിയ ഓപ്ഷനുകളോടെ അപേക്ഷിക്കാൻ അവസരം.
ജൂലായ് 6ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |