
കൊച്ചി: എറണാകുളം മാർക്കറ്റിന്റെ പുതിയ മന്ദിരത്തെ പൂർണമായും ഹരിതോർജ്ജത്തിലേക്ക് മാറ്റാനൊരുങ്ങി നഗരസഭ. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സാമ്പത്തിക പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിൻ കപ്പൽശാലയും നഗരസഭയും തമ്മിലുള്ള കരാർ ഒപ്പിടൽ മേയറുടെ ചേംബറിൽ നടന്നു.
40 കിലോവാട്ട് സോളാർ പ്ലാന്റ് വിജയകരമാണെങ്കിലും മാർക്കറ്റിലെ മുഴുവൻ വൈദ്യുതി ആവശ്യങ്ങളും നിറവേറ്റാൻ ഇത് അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ശേഷിയുള്ള പുതിയ പ്ലാന്റ് സ്ഥാപിച്ച് മാർക്കറ്റിനെ ഊർജ്ജ സ്വയംപര്യാപ്തതയിലേക്ക് നയിക്കാൻ നഗരസഭ തീരുമാനിച്ചത്. നിലവിലുള്ള സംവിധാനത്തോടൊപ്പം 80 കിലോവാട്ടിന്റെ പുതിയ ഗ്രിഡ്‌ടൈഡ് സോളാർ പവർ പ്ലാന്റ് സ്ഥാപിക്കും.
ഇതോടെ മാർക്കറ്റ് കോംപ്ലക്‌സിന്റെ ആകെ സൗരോർജ്ജ ഉത്പാദന ശേഷി 120 കിലോവാട്ടാകും. ഈ മാറ്റത്തിലൂടെ മാർക്കറ്റിന് ആവശ്യമായ മുഴുവൻ വൈദ്യുതിയും സ്വന്തമായി ഉത്പാദിപ്പിക്കാനാകും. നഗരത്തിന്റെ ഹരിത വികസനത്തിന് കൈത്താങ്ങായ കൊച്ചിൻ ഷിപ്പ്‌യാർഡിന് മേയർ അഡ്വ. വി.കെ. മിനിമോൾ നന്ദി പറഞ്ഞു. സമയബന്ധിതമായി തന്നെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് മേയറുടെ ഉറപ്പ്. കരാർ ഒപ്പിടൽ ചടങ്ങിൽ നഗരസഭ സെക്രട്ടറി പി.എസ്. ഷിബു, കൊച്ചി കപ്പൽശാല സി.എസ്.ആർ വിഭാഗം മേധാവി പി.എൻ. സമ്പത്കുമാർ, സി.എസ്.ആർ വിഭാഗം മാനേജർമാരായ പി.എസ്. ശശീന്ദ്രദാസ്, എ.കെ. യൂസഫ്, സി ഹെഡ് ഡയറക്ടർ ഡോ. സി. രാജൻ തുടങ്ങിയവർ പങ്കെടുത്തു.
ചെലവ് കുറയും, വൈദ്യുതി വിൽക്കാം
പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചി നഗരസഭയ്ക്ക് മാർക്കറ്റിന്റെ പ്രതിമാസ പ്രവർത്തനച്ചെലവിൽ നല്ലൊരു തുക ലാഭമുണ്ടാകും. അത്യാധുനിക ഗ്രിഡ്‌ടൈഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വഴി പകൽ സമയങ്ങളിൽ മാർക്കറ്റിലെ ഉപയോഗത്തിന് ശേഷം വരുന്ന അധിക വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നേരിട്ട് കൈമാറാനാകും. സോളാർ ഫോട്ടോവോൾട്ടെയ്ക് ഗ്രിഡ്‌ടൈ സിസ്റ്റത്തിന്റെ വിതരണത്തിനും ഇൻസ്റ്റലേഷനുമായി 42,29,089.10 രൂപയാണ് ചെലവ് കണക്കാക്കുന്നത്.
കൊച്ചി നഗരസഭയെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിത്. പുതിയ എറണാകുളം മാർക്കറ്റ് മന്ദിരത്തിന്റെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ ഈ പദ്ധതി സഹായിക്കും.
അഡ്വ. വി.കെ. മിനിമോൾ
മേയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |