കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്തെ അപകടകരമായ ബൈക്ക് റേസിംഗിനും അമിതവേഗതയ്ക്കും തടയിടാൻ കർശന നടപടികളുമായി ട്രാഫിക് പൊലീസ്. സ്റ്റേഡിയത്തിന്റെ നാല് വശങ്ങളിലുമായി പത്തിലധികം സ്പീഡ് ബാരിയറുകൾ പൊലീസ് സ്ഥാപിച്ചു. വിശാലമായ സ്റ്റേഡിയം റോഡിൽ അർദ്ധരാത്രിക്ക് ശേഷം യുവാക്കൾ നടത്തുന്ന ബൈക്ക് റേസിംഗും അഭ്യാസപ്രകടനങ്ങളും പതിവായതോടെയാണ് അടിയന്തര നടപടി. കാൽനടയാത്രക്കാരുടെയും പ്രദേശവാസികളുടെയും വ്യാപാരികളുടെയും നിരന്തരമായ പരാതികളെ തുടർന്നാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയത്.
കലൂർ സ്റ്റേഡിയം പരിസരവും ലിങ്ക് റോഡും ദിവസവും അപകടങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. അമിതവേഗതയും രാത്രികാലങ്ങളിലെ അശ്രദ്ധമായ ഡ്രൈവിംഗുമാണ് വില്ലനാകുന്നത്. കഴിഞ്ഞ ഏപ്രിൽ 20ന് രാവിലെ കലൂർ സ്റ്റേഡിയം ലിങ്ക് റോഡിൽ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി തലകീഴായി മറിഞ്ഞിരുന്നു. കാറിടിച്ച് ഗുരുതരമായി പരിക്ക് പറ്റിയ തൃപ്പൂണിത്തുറ സ്വദേശി പിന്നീട് ആശുപത്രിയിൽ മരിച്ചു. ഇലക്ട്രിക് പോസ്റ്റിലും വിളക്കുമരത്തിലും ഇടിച്ചാണ് കാർ മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ വിളക്കുമരം പൂർണ്ണമായും തകർന്നു. ഈ അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും സമാനമായ സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
വില്ലനായി ലഹരി
കലൂർ രാജ്യാന്തര സ്റ്റേഡിയവും പരിസരവും ലഹരി വ്യാപാരികളുടെയും സാമൂഹിക വിരുദ്ധരുടെയും പ്രധാന താവളമായി മാറിയതായും പരാതികളുണ്ട്. ലഹരി ഉപയോഗിച്ചാണ് ബൈക്കിലും കാറിലും അതിവേഗത്തിലുള്ള യാത്രയെന്നാണ് പൊലീസ് പറയുന്നത്. രാത്രി സമയങ്ങളിൽ വെളിച്ചമില്ലാത്തതാണ് സ്റ്റേഡിയം ലിങ്ക് റോഡും പരിസരവും ലഹരിയുടെ കേന്ദ്രമായി മാറാൻ കാരണമായി കരുതുന്നത്. വിഷയത്തിൽ നേരത്തെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഇടപെടുകയും പൊലീസിനോടും എക്സൈസിനോടും സമഗ്ര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
കമ്മിഷന്റെ പ്രധാന നിർദ്ദേശങ്ങൾ
1. രാത്രികാല സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പഴുതടച്ചുള്ള നടപടികൾ സ്വീകരിക്കുക.
2. ലഹരി ഇടപാടുകളും നിയമലംഘനങ്ങളും തടയാൻ പൊലീസും എക്സൈസും പട്രോളിംഗ് ശക്തമാക്കുക.
3. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തെരുവുവിളക്കുകളുടെ പ്രവർത്തനം പരിശോധിക്കുക.
4. ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള തെരുവുവിളക്കുകൾ അടിയന്തരമായി പ്രകാശിപ്പിക്കാൻ നടപടിയെടുക്കുക.
5. ലിങ്ക് റോഡിൽ ലൈറ്റുകൾ കത്തുന്നില്ലെന്ന പരാതി അടിയന്തരമായി പരിഹരിക്കുക
6. മെട്രോ പില്ലറുകൾക്ക് സമീപത്തെ തെരുവുവിളക്കുകൾ നന്നാക്കി പ്രദേശം ഇരുട്ടിലാകുന്നത് ഒഴിവാക്കുക.
പ്രദേശത്ത് രാത്രികാല പട്രോളിംഗും സി.സി ടിവി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും. കടുത്ത നിയമനടപടികൾ സ്വീകരിക്കും.
ട്രാഫിക് പൊലീസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |