കൊച്ചി: ഏറെക്കാലമായി പ്രതിസന്ധിയിലായിരുന്ന തൃക്കാക്കര കേന്ദ്രീയ വിദ്യാലയം യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ഭൂമി സംബന്ധമായ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ഹൈബി ഈഡൻ എം.പി അറിയിച്ചു. പുറമ്പോക്ക് ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് സർക്കാർ അനുമതി ലഭിച്ചാൽ നടപടികൾ വേഗത്തിലാകും. അടുത്ത അദ്ധ്യയന വർഷം സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവോദയ റോഡിന് സമീപം കേന്ദ്രീയ വിദ്യാലയത്തിനായി കണ്ടെത്തിയ 9 ഏക്കർ ഭൂമി നിലവിൽ നിലം പുറമ്പോക്ക് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇത് സംബന്ധിച്ച കളക്ടറുടെ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലുണ്ട്. ഭൂമി നികത്തുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ ഒഴിവാക്കാൻ മന്ത്രിതല യോഗം വിളിക്കാമെന്ന് റവന്യൂ മന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്ന് എം.പി അറിയിച്ചു.
2019ൽ കേന്ദ്രീയ വിദ്യാലയത്തിന് അനുമതിയായെങ്കിലും സ്ഥലം കണ്ടെത്തുന്നതിൽ കാലതാമസം നേരിട്ടു. ഒടുവിൽ തൃക്കാക്കര നഗരസഭാ പരിധിയിൽ നവോദയ റോഡിന്റെ പടിഞ്ഞാറു ഭാഗത്തുള്ള സ്ഥലം കണ്ടെത്തി. 5 ഏക്കർ ഭൂമിയാണ് നൽകുന്നത്. 2008ലെ കേരള തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നീരൊഴുക്കുകൾ തടസപ്പെടാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആകെ ഭൂമിയുടെ 15 മുതൽ 20 ശതമാനം വരെ നീരൊഴുക്കിനായി മാറ്റിവയ്ക്കും. തോടുകൾ കരിങ്കല്ല് കെട്ടി സംരക്ഷിക്കും.
എ.എം.സി റിപ്പോർട്ട് സമർപ്പിച്ചു
നഗരസഭയുടെ കൃഷി ഓഫീസർ, ബിൽഡിംഗ് ഓഫീസർ, എ.എം.സി അംഗങ്ങൾ എന്നിവരടങ്ങുന്ന സമിതിയാണ് ഇതിനായുള്ള പരിശോധനകളും റിപ്പോർട്ടും തയ്യാറാക്കിയത്. രണ്ടാഴ്ച മുമ്പ് ചേർന്ന ആന്യുവൽ മെയിന്റനൻസ് കോൺടാക്ട് കമ്മിറ്റിയുടെ യോഗ തീരുമാനപ്രകാരമുള്ള റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ്നിർമ്മാണ പ്രവർത്തനങ്ങൾ.
അടുത്ത ദിവസങ്ങളിൽ ഇതുസംബന്ധിച്ച് സർക്കാർതലത്തിൽ പ്രത്യേക യോഗം ചേരും. അനുമതി ലഭിച്ചാലുടൻ അടുത്ത വർഷത്തിൽ കെട്ടിട നിർമ്മാണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനാകും.
ഹൈബി ഈഡൻ
എം.പി
നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരുവിധ കാലതാമസവും വരുത്താതെ അതിവേഗ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഭൂമി തരംമാറി കിട്ടുന്ന മുറയ്ക്ക് ആവശ്യമായ ഘട്ടങ്ങളിൽ മണ്ണടിച്ചു നികത്തിക്കൊടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കും
റഷീദ് ഉള്ളംപള്ളി
ചെയർ പേഴ്സൺ
തൃക്കാക്കര നഗരസഭ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |