
കൊച്ചി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകൾ (ഇ.എസ്.എ) സംബന്ധിച്ച് 2024 മേയ് 13ന് സംസ്ഥാന സർക്കാർ സമർപ്പിച്ച അന്തിമ ഭേദഗതികൾ തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനമിറക്കി. ആക്ഷേപങ്ങൾ ഉടനെ നൽകണം. ഇമെയിൽ: esz-mef@nic.in. സെപ്തംബർ 25ന് അന്തിമവിജ്ഞാപനം ഇറങ്ങും.
കരടുവിജ്ഞാപനപ്രകാരം ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ 59,940 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാണ്. അതിൽ 9,993.7 ച. കിലോമീറ്റർ കേരളത്തിലാണ്. എറണാകുളം ജില്ലയിൽ കുട്ടമ്പുഴ വില്ലേജിൽ മാത്രമാണ് ഈ മേഖലയുളളത്. 59,589 ഹെക്ടറാണിത്.
ഇ.എസ്.എ ആയി വിജ്ഞാപനം ചെയ്യുന്ന ജനവാസ മേഖലകളിൽ കുടിയൊഴിപ്പിക്കലുണ്ടാകില്ല. കൃഷി, തോട്ടം, ഭവന നിർമ്മാണം, നവീകരണം തുടങ്ങിയവയ്ക്കും തടസമില്ല. ഖനനം, ക്വാറി, മണൽ ഖനനം, താപവൈദ്യുത നിലയം, റെഡ് കാറ്റഗറി വ്യവസായം തുടങ്ങിയവ നിരോധിക്കും. 2014 മാർച്ച് 10ലെ ആദ്യ കരട് റിപ്പോർട്ടിലുള്ള കേരളത്തിന്റെ ഇ.എസ്.ഐയ്ക്ക് ഇപ്പോഴും മാറ്റമില്ല.
കേരളത്തിൽ
12 ജില്ലയിലെ 131 വില്ലേജുകളിൽ പരിസ്ഥിതി ലോലമേഖലയുണ്ട്. 9,107 ചതുരശ്ര കിലോമീറ്റർ വനപ്രദേശവും 886.7 ചതുരശ്ര കിലോമീറ്റർ വനാതിർത്തിയിലെ ജനവാസമേഖലയുമാണ്.
കേരളത്തിന്റെ ഭേഗതിയും കേന്ദ്രത്തിന്റെ നിലപാടും
1. കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തീക്കോയി, മേലുകാവ് വില്ലേജുകൾ ഒഴിവാക്കണം.
(പുതിയ വിജ്ഞാപനത്തിൽ 4 വില്ലേജുകളുമുണ്ട്)
2. സംസ്ഥാനത്തെ പരിസ്ഥിതി ലോലമേഖല ആകെ 98 വില്ലേജുകളിലെ 8711.98 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.
കേന്ദ്രത്തിന്റെ വിശദീകരണം
ഡോ.കസ്തൂരി രംഗൻ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച് കേരളത്തിൽ 13,108 ച.കി.മി. പരിസ്ഥിതി ലോലമേഖലയാണ്. കേരളത്തിന്റെ കണ്ടെത്തലിൽ പറയുന്ന 9,993.7 ചതുരശ്ര കിലോമീറ്റർ അംഗീകരിക്കുകയായിരുന്നു. മറ്റ് 5 സംസ്ഥാനങ്ങളിലും ഹൈലെവൽ വർക്കിംഗ് ഗ്രൂപ്പ് ശുപാർശ ചെയ്ത പ്രദേശങ്ങൾ അതേപടി പരിഗണിച്ചു.
ജില്ല, വില്ലേജുകൾ
തിരുവനന്തപുരം................... 7
കൊല്ലം......................................... 8
പത്തനംതിട്ട...............................7
കോട്ടയം...................................... 4
ഇടുക്കി......................................... 51
എറണാകുളം..............................1
തൃശൂർ............................................2
പാലക്കാട്.....................................14
കോഴിക്കോട്................................10
വയനാട്..........................................13
മലപ്പുറം............................................11
കണ്ണൂർ...............................................3
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |