
കൊച്ചി: ഇന്ത്യാ പോസ്റ്റ് ഈ മാസം ഒന്നിന് നടപ്പാക്കിയ പാഴ്‌സൽ നിരക്ക് വർദ്ധന ചെറുകിട പ്രസാധകരെയും എഴുത്തുകാരെയും പ്രതിസന്ധിയിലാക്കി. പുസ്തകത്തിന് 500 ഗ്രാം വരെ 77 രൂപയാണ് പുതിയ നിരക്ക്. ആറുമാസം മുമ്പ് 42 രൂപയായിരുന്നു. ചെറുകിട പ്രസാധകർ വർഷങ്ങളായി ഇന്ത്യാ പോസ്റ്റിനെയാണ് ആശ്രയിക്കുന്നത്. കുറഞ്ഞ നിരക്കും രാജ്യത്തിന്റെ ഏത് ഭാഗത്തും പുസ്തകം എത്തുമെന്നതുമായിരുന്നു ആകർഷണം. പുസ്തകങ്ങളും മാഗസിനുകളും രജിസ്റ്റേർഡ് ബുക്ക് പോസ്റ്റ് വഴി അയയ്‌ക്കാനുള്ള ചാർജ് ആറുമാസം മുമ്പ് 22 രൂപയിൽ നിന്ന് 42 രൂപയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് 77 രൂപയിലേക്കുള്ള കയറ്റം. സോൺ അടിസ്ഥാനത്തിലുള്ള നിരക്കായതിനാൽ ജില്ലയും സംസ്ഥാനവും അനുസരിച്ച് വ്യത്യാസപ്പെടും. പത്ത് പുസ്തകങ്ങളുടെ ഒരു ഓർഡർ അയച്ചാൽ മുൻകാലത്തെ അപേക്ഷിച്ച് 300 - 400 രൂപ നഷ്ടമുണ്ടെന്ന് പ്രസാധകർ പറയുന്നു.
എഴുത്തുകാർക്കും തിരിച്ചടി
100 രൂപയുടെ പുസ്തകത്തിന് 77 രൂപ തപാൽച്ചെലവ് നൽകേണ്ടിവരുന്നത് ചെറുകിട എഴുത്തുകാർക്ക് വലിയ തിരിച്ചടിയാണ്. ജി.എസ്.ടി രജിസ്ട്രേഷനുള്ള പ്രസാധകർക്ക് മുൻകൂട്ടി തുക നിക്ഷേപിച്ച് കൊമേഴ്ഷ്യൽ ബുക്ക് പാഴ്സൽ സേവനം ഉപയോഗിച്ചാൽ 42 രൂപ നിരക്കിൽ പുസ്തകങ്ങൾ അയയ്ക്കാൻ വ്യവസ്ഥയുണ്ടെങ്കിലും പ്രാബല്യത്തിൽ വന്നിട്ടില്ല.
പുതിയ നിരക്ക്
2 പുസ്തകം വരെ – ₹60
3–4 പുസ്തകം വരെ – ₹80
5–7 പുസ്തകം വരെ – ₹100
7ൽ കൂടുതൽ – ₹130
മുമ്പത്തെ നിരക്ക്:
2 പുസ്തകം വരെ – ₹40
3–4 പുസ്തകം വരെ – ₹50
5–7 പുസ്തകം വരെ – ₹70
ഓൺലൈൻ വില്പനയെ മാത്രം ആശ്രയിക്കുന്ന ചെറുകിട പ്രസാധകർക്ക് തപാൽച്ചെലവിലെ വർദ്ധന കനത്ത പ്രഹരമാണ്.
ശ്രുതി
ഔറാ ടെയ്ൽസ്
പ്രസാധക
പുസ്തകങ്ങൾ സാധാരണക്കാരിൽ എത്തിക്കുന്നതിൽ തപാൽവകുപ്പ് വർഷങ്ങളായി വഹിച്ച നിർണായക പങ്കിനെ ഇല്ലാതാക്കുന്നതാണ് നിരക്ക് വർദ്ധന. രജിസ്റ്റേർഡ് ബുക്ക് പോസ്റ്റ് സംവിധാനം പുന:സ്ഥാപിക്കണം.
സി.ഐ.സി.സി ജയചന്ദ്രൻ
സെക്രട്ടറി
ഓൾ കേരള പബ്ലിഷേഴ്സ് ആൻഡ്
ബുക്ക് സെല്ലേഴ്സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |