SignIn
Kerala Kaumudi Online
Wednesday, 09 September 2026 9.08 AM IST

കാടുകയറി,​ മാലിന്യംനിറഞ്ഞ് ഉമ്മൻചാണ്ടി സ്ക്വയർ

umman-chandi-squire
ആലുവ നഗരസഭ നിർമ്മിച്ച ഓപ്പൺ എയർ സ്റ്റേജ് 'ഉമ്മൻചാണ്ടി സ്ക്വയർ' കാടുകയറി മാലിന്യം നിറഞ്ഞ അവസ്ഥയിൽ

ആലുവ: ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശം രണ്ട് വർഷം മുമ്പ് നഗരസഭ നിർമ്മിച്ച ഓപ്പൺ എയർ സ്റ്റേജ് 'ഉമ്മൻചാണ്ടി സ്ക്വയർ" കാടുകയറിയും മാലിന്യം നിറഞ്ഞും ദുരവസ്ഥയിലായിട്ടും തിരഞ്ഞുനോക്കാതെ അധികാരികൾ. മുൻ മുഖ്യമന്ത്രിയുടെ നാമധേയത്തിലായിട്ടും അദ്ദേഹത്തിന്റെ അനുയായികൾ ഭരിക്കുന്ന നഗരസഭയിലാണ് ഈ ഗതികേട്.

ഉമ്മൻചാണ്ടി സ്ക്വയറിനോടുള്ള നഗരസഭയുടെ അവഗണനക്കെതിരെ ഒരു വിഭാഗം പാർട്ടി പ്രവർത്തകരിൽ കടുത്ത എതിർപ്പുയരുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ അടുത്ത അനുയായി ആയിരുന്ന എം.ഒ. ജോൺ ചെയർമാനായിരിക്കെയാണ് 15 ലക്ഷം രൂപ ചെലവിൽ വിശാല സൗകര്യമുള്ള ഓപ്പൺ വേദിയും 5,500 ചതുരശ്ര അടി വിസ്‌തീർണവുമുള്ള ടൈൽ വിരിച്ച ഓപ്പൺ യാർഡും നഗരസഭ നിർമ്മിച്ചത്. നഗരത്തിലെ ഏക അംഗീകൃത ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡായിരുന്ന സ്ഥലത്തായിരുന്നു നിർമ്മാണം. റെയിൽവേയുടെ അതിർത്തിയിലായിട്ടും എൻ.ഒ.സി വാങ്ങാതെയായിരുന്നു നിർമ്മാണം. ഇതിന്റെ പേരിലും വിവാദമുണ്ടായി.

സ്ഥലം പൂർണമായി ടൈൽ വിരിച്ചെങ്കിലും ഇതിനിടയിലൂടെ പുല്ലുകളും ചെടികളും വളരുകയായിരുന്നു. മാലിന്യച്ചാക്കുകളും കെട്ടിക്കിടപ്പുണ്ട്. സന്ധ്യമയങ്ങിയാൽ ഇവിടെ അനാശാസ്യക്കാരുടെ താവളമാണ്. ജനകീയ മുഖ്യമന്ത്രി എന്ന നിലയിലാണ് ഓപ്പൺ എയർ സ്റ്റേജിന് ഉമ്മൻചാണ്ടി സ്ക്വയർ എന്ന് നാമകരണം ചെയ്യാൻ കൗൺസിൽ തീരുമാനിച്ചത്.

കണ്ടിജൻസി ജീവനക്കാരുണ്ടായിട്ടും വൃത്തിയാക്കുന്നില്ല

നഗരസഭയിൽ ആവശ്യത്തിനേറെ കണ്ടിജൻസി ജീവനക്കാരുണ്ടായിട്ടും ഉമ്മൻചാണ്ടി സ്ക്വയർ വൃത്തിയാക്കുന്നില്ല. മെട്രോയും പി.ഡബ്ല്യു.ഡിയും ടൈൽ വിരിച്ച് നവീകരിച്ച നടപ്പാതകളും വൃത്തിയാക്കാൻ നഗരസഭ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

ആവശ്യക്കാരില്ല,

നഗരസഭക്ക് നഷ്ടം

റെയിൽവേ സ്റ്റേഷൻ സ്ക്വയറിലെ പൊതുയോഗങ്ങൾക്ക് ഹൈക്കോടതി വിലക്കുള്ളതിനാൽ സംഘടനകൾക്കും വ്യക്തികൾക്കുമെല്ലാം ഉമ്മൻചാണ്ടി സ്ക്വയർ ആശ്വാസമാകുമെന്നായിരുന്നു നഗരസഭ പ്രതീക്ഷിച്ചത്. ഇതിലൂടെ നഗരസഭയ്ക്ക് ലഭിക്കുന്ന വരുമാനം ടർഫാക്കാൻ ഉദ്ദേശിക്കുന്ന നഗരസഭാ ഗ്രൗണ്ടിന്റെ വാർഷിക മെയിന്റിനൻസിനും ഉപയോഗിക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാൽ രണ്ട് വർഷത്തിനിടെ കൈവിരലിൽ എണ്ണാവുന്ന പരിപാടികൾ മാത്രമാണ് ഇവിടെ നടന്നത്.

ടാക്സി സ്റ്റാൻ‌‌ഡ് ഇല്ലാതായി

പതിറ്റാണ്ടുകളോളം ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡായി ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. ഓൺലൈൻ ടാക്സികളുടെ കടന്നുവരവോടെ ടാക്സികളില്ലാതെ സ്റ്റാൻഡ് കാലിയായി. ആലുവയിൽ റെയിൽവേ സ്റ്റേഷനിൽ മാത്രമാണ് നിലവിൽ ടാക്സികൾ ഓടുന്നത്. ടൂറിസ്റ്റ് ടാക്സികൾ ഇല്ലാതായതോടെ സ്ഥലം സാമൂഹിക വിരുദ്ധരുടെ താവളമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, UMMAN CHANDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL