
കൊച്ചി: ദീർഘദൂര ട്രെയിനുകൾക്ക് സുഗമപാതയൊരുക്കാൻ ഷൊർണൂർ- തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് അടിക്കടി വഴിയിൽ പിടിച്ചിടുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ന്യൂഡെൽഹി തിരുവനന്തപുരം കേരള സൂപ്പർഫാസ്റ്റ്, കെ.എസ്.ആർ ബംഗളൂരു - എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്, കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് വഴിയൊരുക്കാനാണ് വേണാട് യാത്രക്കാരെ ബലിയാടുകളാക്കുന്നത്. 50 വർഷത്തിലേറെയായി സർവീസ് നടത്തുന്ന ട്രെയിൻ ആണ് വേണാട്.
ഷൊർണൂർ ജംഗ്ഷനിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.35ന് പുറപ്പെടുന്ന ട്രെയിൻ കൃത്യസമയത്ത് ഓടിയെത്തിയാലും വൈകിട്ട് 4.01ന് ശേഷം 30-45 മിനിറ്റ് അങ്കമാലിയിൽ പിടിച്ചിടും. കേരള എക്സ്പ്രസും ഇന്റർസിറ്റിയും കടന്നു പോയാലെ വേണാടിന് പച്ചക്കൊടി കിട്ടു. പിന്നീട് അങ്കമാലിയിൽ നിന്ന് എറണാകുളം ടൗൺ വരെയുള്ള 26കിലോമീറ്റർ സഞ്ചരിക്കാൻ അനുവദിച്ചിരിക്കുന്ന സമയം (ബഫർ ടൈം) 1 മണിക്കൂർ 14 മിനിറ്റാണ്. പാസഞ്ചർ ട്രെയിനുകൾക്കുപോലും ഇതിനേക്കാൾ വേഗതയുണ്ട്. മറ്റു ട്രെയിനുകൾക്ക് വഴിയൊരുക്കാൻ വേണ്ടി മാത്രമാണ് ഈ വലിയ ബഫർ ടൈം എന്നാണ് യാത്രക്കാരുടെ പരാതി. ഫലത്തിൽ ഉച്ചയ്ക്ക് 2.30ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളത്തെത്തുമ്പോൾ വൈകുന്നേരം 5.15- 5. 20മണിയാകും. വല്ലവിധേനയും ഇഴഞ്ഞുനീങ്ങി എറണാകുളം ജംഗ്ഷനിൽ എത്തിയാലും കഷ്ടകാലം തീരില്ല. ജനശതാബ്ദി കടന്നുപോകുവോളം പിന്നെയും കാത്തുകിടക്കണം.
ശ്വാസം മുട്ടിക്കും തിരക്ക്
തൃശൂർ സ്റ്റേഷൻ മുതൽ തിരുവനന്തപുരം വരെ വിദ്യാർത്ഥികളും ജോലി കഴിഞ്ഞ് മടങ്ങുന്ന നൂറുകണക്കിന് ജീവനക്കാരുമാണ് വേണാട് എക്സ്പ്രസിലെ സ്ഥിരം യാത്രക്കാർ. വേണാട് എക്സ്പ്രസിലെ ശ്വാസംമുട്ടിക്കുന്ന തിരക്ക് സ്ഥിരം യാത്രക്കാർക്ക് കടുത്ത വെല്ലുവിളിയാണ്. വൈകുന്നേരം എറണാകുളത്തിനും തിരുവനന്തപുരത്തിനുമിടയിലാണ് ഏറെ ദുരിതം. ഇത് പരിഹരിക്കാൻ വേണാടിന് ഒരു മണിക്കൂർ മുൻപെങ്കിലും എറണാകുളത്തുനിന്ന് കോട്ടയം റൂട്ടിൽ ഒരു ട്രെയിൻ ക്രമീകരിക്കണം. ഉച്ചയ്ക്ക് ശേഷം ഗുരുവായൂർ പാസഞ്ചർ 4.30 മണിക്കൂർ നേരം എറണാകുളം സ്റ്റേഷനിൽ വെറുതെ കിടക്കുന്നുമുണ്ട്. ഈ ട്രെയിൻ കോട്ടയം വരെ ഓപ്പറേറ്റ് ചെയ്യാം.
പ്രശ്ന പരിഹാരത്തിന്
ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന സമയം 15.10 ( 03.10) ആക്കിയാൽ വഴിയിൽ പിടിച്ചിട്ട് ജനങ്ങളെ വലയ്ക്കാതെ 5.15ന് എറണാകുളത്ത് എത്തിച്ചേരാനാകും.
ദിവസേനയുള്ള ഈ കാത്തിരിപ്പും സമയനഷ്ടവും മൂലം നട്ടംതിരിയുന്ന യാത്രക്കാരുടെ പ്രയാസം കണക്കിലെടുത്ത് വേണാടിന്റെ ഷെഡ്യൂൾ ഉടൻ പരിഷ്കരിക്കണം. ഓഫീസ് ജീവനക്കാർക്ക് എറണാകുളം, തിരുവനന്തപുരം റൂട്ടിൽ ആശ്രയിക്കാവുന്ന ഏകട്രെയിനാണിത്.
പ്രദീപ് കുമാർ,
വൈക്കം,
സ്ഥിരം യാത്രികൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |