ആലുവ: നഗരത്തിലെ അനാശാസ്യക്കാരെ തുരത്താൻ വ്ളോഗർമാർ നടത്തിയ അതിരുവിട്ട ഇടപെടലുകൾ വിവാദമായി. 'വാഹീസ് വ്ളോഗ് " എന്ന പേരിൽ സോഷ്യൽ മീഡിയകളിൽ സജീവമായ ആലുവ കൊടികുത്തുമല സ്വദേശിനി വാഹിത നിസാറും ഏതാനും പുരുഷ വ്ളോഗറുമാണ് വിവാദച്ചുഴിയിൽപ്പെട്ടത്. ഇവർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതിയും നൽകി.
നഗരം രാപ്പകൽ വ്യത്യാസമില്ലാതെ അന്യസംസ്ഥാനക്കാരും മലയാളികളുമായ അനാശാസ്യക്കാരുടെ കേന്ദ്രമാണെന്നാരോപിച്ചാണ് വ്ളോഗർമാർ രാത്രി സദാചാര പൊലീസിംഗ് നടത്തി നിയമം കൈയിലെടുത്തത്. ഒരു സ്ത്രീയെ തടഞ്ഞുനിറുത്തി, 'ഇവിടെ എന്തിനാണ് നിൽക്കുന്നത്, അനാശാസ്യത്തിനാണോ വന്നത്? ഇനി ഇവിടെ കണ്ടാൽ വിവരമറിയും" എന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുരുഷവ്ളോഗർ പുറത്തുവിട്ടതോടെയാണ് സംഭവം ജനം അറിഞ്ഞത്. സ്ത്രീ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ലംഘിക്കുന്ന നടപടിയാണ് വ്ളോഗർമാരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ആക്ഷേപം.
പൊതുസ്ഥലത്ത് ലൈംഗിക ഇടപാട് നടന്നുവെന്നതിനെ തെളിവില്ലാതിരിക്കെ ഒരാളെ പരസ്യമായി അനാശാസ്യക്കാരിയെന്ന് മുദ്രകുത്തുന്നത് ഗുരുതരമായ വ്യക്തിയധിക്ഷേപമാണെന്നും ഇതിനെതിരെ നിയമനടപടി വേണമെന്നുമാണ് പരാതികളിലെ ആവശ്യം. സമൂഹമാദ്ധ്യമങ്ങളിലും സദാചാരക്കാർക്കെതിരെ കടുത്ത വിമർശനവും ഉയർന്നിട്ടുണ്ട്.
ജില്ലാ ആശുപത്രി കവല മുതൽ പമ്പു കവലവരെയാണ് സ്വദേശികളും അന്യസംസ്ഥാനക്കാരുമായ സ്ത്രീകൾ തമ്പടിക്കുന്നത്. ഇതുമൂലം പതിവായി ഇവിടെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അനാശാസ്യക്കാരും ഏജന്റുമാരും പരസ്പരം ഏറ്റുമുട്ടുന്നതും അസഭ്യവർഷവും പതിവാണ്. പൊലീസിന്റെ നിസംഗതയാണ് നഗരം അനാശാസ്യക്കാരുടെ പിടിയിലാകാൻ കാരണമെന്ന മറുവാദവുമുണ്ട്.
സ്ത്രീകൾക്കെതിരെ നടക്കുന്ന സദാചാര പൊലീസിംഗ്, ഭീഷണിപ്പെടുത്തൽ, അപമാനിക്കൽ, അനധികൃതമായി വീഡിയോ പകർത്തൽ എന്നിവയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല
അഡ്വ. ജിയാസ് ജമാൽ
കളമശേരി
എന്തായാലും ഒരു കാര്യം വ്യക്തമായി. ഞാൻ കാരണം പലരും വൈറൽ ആയി. അങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടായല്ലോ. ഭാവിതലമുറയെ കുറിച്ച് വേവലാതി ഉള്ളവർ ഞങ്ങൾ ചെയ്ത പ്രവൃത്തിയെ കുറ്റപ്പെടുത്തില്ല.
വാഹിത നിസാർ
വ്ളോഗർ
പരാതി സംബന്ധിച്ച് അറിവില്ല. അന്വേഷിച്ച് നടപടിയെടുക്കും.
കെ.എസ്. സുദർശൻ
എസ്.പി,
എറണാകുളം റൂറൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |