
കൊച്ചി: ഒരു പുസ്‌തകം 15 വ്യത്യസ്‌ത കവർ ചിത്രങ്ങളുമായി പുറത്തിറങ്ങുന്നു. പ്രശാന്തി ചൊവ്വര രചിച്ച 'സ്വപ്നങ്ങൾ പിറക്കുന്ന ആകാശകഥകൾ." എന്ന ബാലകഥാ സമാഹാരമാണ് വ്യത്യസ്ത ചിത്രങ്ങളുമായി പ്രസിദ്ധീകരിക്കുന്നത്.
കഥകൾ വായിച്ച പ്രസാധകൻ പ്രദീപ് കൂത്തുപറമ്പാണ് പുസ്‌തകത്തിന് വ്യത്യസ്‌ത കവർ ചിത്രങ്ങളെന്ന ആശയം മുന്നോട്ടുവച്ചത്. കഥകളിലെ ചിത്രങ്ങൾ നൽകിയാൽ ഇഷ്ടപ്പെട്ട കവറുകൾ കുട്ടികൾക്ക് സ്വന്തമാക്കാൻ അവസരവും ലഭിക്കും. പ്രസാധകന്റെ ആശയം എഴുത്തുകാരിക്കും സ്വീകാര്യമായി.
ജയദീപ് കോതമംഗലം 15 ചിത്രങ്ങൾ വരച്ചു. 74 പേജുള്ള പുസ്തകത്തിൽ 20 കഥകളുണ്ട്. ഓരോ കഥകളെയും ആസ്‌പദമാക്കിയ ചിത്രങ്ങൾ കഥകൾക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. തലശേരിയിലെ ബാലകേരളം പബ്ളിക്കേഷൻസാണ് പ്രസാധകർ. 140 രൂപയാണ് വില.
നാളെ രാവിലെ 11.30ന് എറണാകുളം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറത്തിന് ആദ്യപ്രതി നൽകി പ്രകാശനം ചെയ്യും.
17 പുസ്തകങ്ങളും സിനിമാ ഗാനവും
സ്‌കൂൾ പഠനകാലത്ത് എഴുത്ത് ആരംഭിച്ച പ്രശാന്തി വിവിധ മേഖലകളിൽ ശ്രദ്ധേയയായാണ്. നാല് ബാലസാഹിത്യകൃതികൾ ഉൾപ്പെടെ 17പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കഥ, കവിത, യാത്രാവിവരണം, നോവൽ, പുരാണ ആഖ്യാനം, നാടകം, ജീവചരിത്രം എന്നീ വിഭാഗങ്ങളിലാണ് മറ്റ് പുസ്തകങ്ങൾ. 'മധുരമീ ജീവിതം" എന്ന സിനിമയിൽ പാട്ടും എഴുതിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട കൃതിയുടെ രചനയിലാണ് ഇപ്പോൾ.
റിട്ട. ഹെഡ്മാസ്റ്റർ കുമാരന്റെയും പ്രിയംവദയുടെയും മകളാണ്. സുഭാഷാണ് ഭർത്താവ്. വിഷ്ണു, ജിഷ്ണു, ദിവ്യ, അദ്വൈത് എന്നിവരാണ് മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |