SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

തട്ടിപ്പിന് കളമൊരുക്കും സോഷ്യൽമീഡിയ

social

തൃപ്പൂണിത്തുറ: 90'കളിലെ ആട്-തേക്ക്-മാഞ്ചിയം തട്ടിപ്പുകളുടെ കാലം കഴിഞ്ഞു. പുതിയ കാലത്ത് തട്ടിപ്പിന് പുതിയ രൂപം,​ ഹൈടെക് കളം. കേരളത്തിന്റെ ശാപമായ തൊഴിൽ അവസരങ്ങളുടെ കുറവാണ് ഇപ്പോൾ തട്ടിപ്പുകാർ ചൂണ്ടയാക്കുന്നത്. ചൂണ്ടയിടുന്നതാകട്ടെ സോഷ്യൽമീഡിയയിലും. ഒരു ജോലി സ്വപ്നം കണ്ടിരിക്കുന്നവർ ചൂണ്ടയിൽ കുരുങ്ങുകയും ചെയ്യും. നഷ്ടമാകുന്നത് പണം മാത്രമല്ല,​ മാനവും കൂടിയാണ്.

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സാപ്പ്, ഒ.എൽ.എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് ജോലി പരസ്യങ്ങൾ നൽകി ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നത്. കൊച്ചിയാണ് പല തട്ടിപ്പുകളുടെയും വിലാസമെങ്കിലും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ഇരകൾ.

1. വാഗ്ദാനം സ്പാ മാനേജർ

പദവി,​ കവർന്നത് മാനം

ഒ.എൽ.എക്സിൽ സ്പാ മാനേജർ പോസ്റ്റിന്റെ പരസ്യം കണ്ട കളമശേരിയിലെ വീട്ടമ്മ സുരക്ഷിതമായ ഭാവി മനസിൽ കണ്ടാണ് ജോലിക്കായി അപേക്ഷിച്ചത്. ഇന്റർവ്യൂ കഴിഞ്ഞ് ജോലി ഉറപ്പായെന്ന് പറഞ്ഞതിന് ശേഷം രാത്രി പാർട്ടിക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി അതിക്രൂരമായി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. ഒരു രാത്രിയും പകലും നീണ്ട പീഡനങ്ങൾക്കൊടുവിൽ വിട്ടയച്ച യുവതിയുടെ മാനസിക നില തീരെ തകർന്നു. ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതികളിൽ ചിലരെ പിടികൂടി.

2. ചെറിയ തുക,​ വലിയ തട്ടിപ്പ്

ചോറ്റാനിക്കര സ്വദേശിനിയായ യുവതിക്ക് നഷ്ടമായത് പണമാണ്. ഒ.എൽ.എക്സിൽ കണ്ട ജോലി പരസ്യത്തിലൂടെ ബന്ധപ്പെട്ടപ്പോൾ യുവതിയെ ഓൺലൈൻ വഴി ഇന്റർവ്യൂ നടത്തുകയും ജോലി ഉറപ്പാക്കാൻ 2500 രൂപ സെക്യൂരിറ്റി തുക വാങ്ങിച്ചെടുക്കുകയുമായിരുന്നു. എച്ച്.ആർ കീർത്തന എന്ന പേരിലുള്ള പരസ്യത്തിൽ താത്പര്യം അറിയിച്ചപ്പോൾ ലിബിൻ റോയ് എന്ന ആളുടെ നമ്പർ ലഭിച്ചു. സി.വി അയച്ചതോടെ ജോലി സംബന്ധിച്ച വിവരങ്ങൾ കൈമാറി. തുടർന്ന് ഗൂഗിൾ മീറ്റ് വഴി അമർനാഥ് എന്നൊരാൾ ഇന്റർവ്യൂ നടത്തി. വെയർഹൗസിൽ പാക്കിംഗ് ഉൾപ്പെടെയുള്ള ജോലിയാണെന്നും കേരളത്തിലുടനീളം ഒഴിവുകളുണ്ടെന്നുമാണ് അറിയിച്ചത്. പണം നൽകിയില്ലെങ്കിൽ ഒഴിവിലേക്ക് മറ്റൊരാളെ എടുക്കുമെന്ന് പറഞ്ഞപ്പോഴാണ് യുവതി തുക അയച്ചത്. പിന്നീട് വിവരമൊന്നും ലഭിക്കാതെ വന്നതോടെ യുവതി പൊലീസിൽ പരാതിപ്പെട്ടു.

വേണം ജാഗ്രത

സെക്യൂരിറ്റി ചാർജ്, രജിസ്ട്രേഷൻ ഫീസ്, പ്രോസസിംഗ് ഫീസ് തുടങ്ങിയ പേരുകളിലാണ് പലപ്പോഴും പണം ആവശ്യപ്പെടുന്നത്. നഷ്ടപ്പെടുന്ന തുക ചെറുതായതിനാൽ പലരും പൊലീസിലോ സൈബർ വിഭാഗത്തിലോ പരാതി നൽകാൻ തയ്യാറാകുന്നില്ല. ഇതാണ് തട്ടിപ്പുകാർക്ക് അനുകൂലമാകുന്നത്.

സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, നിയമന നടപടിക്രമം, ഔദ്യോഗിക ഇ-മെയിൽ വിലാസം എന്നിവ പരിശോധിച്ചശേഷം മാത്രമേ ജോലി സംബന്ധമായ ഇടപാടുകൾ നടത്താവൂ.

നിയമനത്തിന് മുമ്പ് പണം ആവശ്യപ്പെടുന്നവരോട് ജാഗ്രത പാലിക്കണം

 തട്ടിപ്പിന് ഇരയായാൽ തുക ചെറുതാണെങ്കിലും പരാതി നൽകണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL