SignIn
Kerala Kaumudi Online
Saturday, 10 October 2026 1.29 AM IST

പോസ്റ്റ് മെട്രിക് ഹോസ്റ്റൽ തുറന്നു, മാറാല പോലും തട്ടാതെ പ്രവർത്തനോദ്ഘാടനം

police-car
ആലുവയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും ആലുവ പൊലീസ് പിടികൂടിയ തൊണ്ടി വാഹനങ്ങൾ കാടുകയറി മൂടിയ നിലയിൽ കിടക്കുന്നു

ആലുവ: അഞ്ചര വർഷം മുമ്പ് ഉദ്ഘാടനം. ഇപ്പോൾ പ്രവർത്തനോദ്ഘാടനം. ആലുവയിലെ പൊടിപിടിച്ച് കിടക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടന കഥയാണിത്. ഇന്നലെ വൈകിട്ടാണ് സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി മന്ത്രി കെ.ഇ. തുളസി ഹോസ്റ്റലിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്.

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ 2023ലെയും 26ലെയും അപേക്ഷ പരിഗണിച്ച് 7 തസ്തികകൾ അനുവദിച്ച് കഴിഞ്ഞ ഒന്നിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ യുദ്ധകാലടിസ്ഥാനത്തിൽ പ്രവർത്തനോദ്ഘാടനം നടത്താൻ തീരുമാനിച്ചു. ഇതിനായി മൂന്നുനില കെട്ടിടത്തിലെ താഴത്തെ നിലയിലെ മാത്രം മാറാലയാണ് ഇന്നലെ നീക്കിയത്.

5 കോടി മുടക്കി നിർമ്മിച്ച കെട്ടിടം 2021 ഫെബ്രുവരി 11ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ആവശ്യമായ ഫർണിച്ചറുകളും പാത്രങ്ങളും അന്നേ എത്തിച്ചിരുന്നു. ഒരു മുറിയിൽ നാല് വീതം കട്ടിലും മേശയും കിടക്കയും വന്നു. എന്നാൽ,​ താമസക്കാർ മാത്രം എത്തിയില്ല. പിന്നീട്​ കെട്ടിടമുൾപ്പെടെ പൊടിയും മാറാലയും പിടിച്ചു. ഉദ്ഘാടനം കഴിഞ്ഞ് അഞ്ചര വർഷമായിട്ടും സ്ഥാപനം അടഞ്ഞുകിടക്കുന്ന വാർത്ത കഴിഞ്ഞ ജൂൺ 27ന് 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സർക്കാർ തസ്തിക അനുവദിച്ചത്.

പ്രവർത്തന സജ്ജമാക്കാൻ

42 ലക്ഷം കൂടി

പ്രവർത്തനോദ്ഘാടനം പ്രഖ്യാപിച്ചയുടൻ ഹോസ്റ്റൽ വളപ്പിലെ കാടും വെട്ടിത്തെളിച്ചു. കട്ടിലുകളിലെല്ലാം ചിതൽ നാശിനിയും അടിച്ചു. ഇന്നലെ രാവിലെ രണ്ട് സ്ത്രീകളെ ദിവസവേതനത്തിന് വിളിച്ചും വാഴക്കുളം, ആലങ്ങാട് ബ്ളോക്കുകളിലെ സ്വീപ്പർമാരെ കൂട്ടിയുമാണ് കുറച്ച് ഭാഗമെങ്കിലും വൃത്തിയാക്കിയത്. കെട്ടിടം വൃത്തിയാക്കാൻ ടെൻഡർ നടപടിയാരംഭിച്ചിട്ടുണ്ട്. 42 ലക്ഷം രൂപ കൂടി കെട്ടിടം പ്രവർത്തന സജ്ജമാക്കാൻ സർക്കാർ അനുവദിച്ചിട്ടുണ്ട്.

7 തസ്തികകൾ

സ്റ്റിവാർഡ്, വാച്ച്മാൻ, മെസ് ബോയ്, സ്വീപ്പർ, റെസിഡൻഷ്യൽ ട്യൂട്ടർ, കുക്ക് എന്നീ പോസ്റ്റുകളാണ് പുതിയതായി അനുവദിച്ചത്. കുക്ക് തസ്തികയിൽ രണ്ടും മറ്റ് തസ്തികകൾ ഒന്ന് വീതവുമാണ് അനുവദിച്ചത്.

60 പേർക്ക് താമസസൗകര്യം

പട്ടികജാതി വിഭാഗത്തിൽപ്പെട്ട 60 ആൺകുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യമാണുള്ളത്. ജില്ലയിൽ എസ്.സി,​ എസ്.ടി വകുപ്പിന് കീഴിൽ ആലുവ യു.സി കോളേജിന് സമീപത്തെ ഉൾപ്പെടെയുള്ള മൂന്ന് ഹോസ്റ്റലുകളിലായി 21 അപേക്ഷകരുടെ വെയിറ്റിംഗ് ലിസ്റ്റ് ഉണ്ട്. ഇവർക്ക് മുൻഗണനയുണ്ടാകും. അവശേഷിക്കുന്നവരെ പുതിയ അപേക്ഷ ക്ഷണിച്ച് തിരഞ്ഞെടുക്കും.

തൊണ്ടിവാഹനങ്ങൾ കാവൽ

പ്രീമെട്രിക് ഹോസ്റ്റലിലേക്കുള്ള പ്രവേശന കവാടത്തിൽ പൊലീസ് പിടികൂടി സൂക്ഷിച്ചിട്ടുള്ള തൊണ്ടിവാഹനങ്ങൾ ശകുനം മുടക്കികളായി കിടക്കുന്നുണ്ട്. ഇവ നീക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, HOSTEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL