SignIn
Kerala Kaumudi Online
Saturday, 10 October 2026 3.08 AM IST

കാട് കയറിയ കളിക്കളങ്ങൾ

fact-stadium

കളമശേരി: ഒരിക്കൽ രാജ്യം കണ്ട മികച്ച കായികതാരങ്ങൾ കളിച്ചുവളർന്ന ഗ്രൗണ്ടുകൾ ഇന്ന് കാടുപിടിച്ചു കിടക്കുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ ഫാക്ട് സ്റ്റേഡിയം, ഫാക്ട് ഹൈസ്കൂൾ ഗ്രൗണ്ട് തുടങ്ങി 5 കളിക്കളങ്ങളാണ് വേണ്ടത്ര പരിപാലനവും ശ്രദ്ധയുമില്ലാതെ നശിക്കുന്നത്. ഫാക്ടിന്റെ സുവർണകാലം അസ്തമിച്ചതോടെയാണ് ഈ കളിക്കളങ്ങളും അനാഥമായത്.

ദേശീയ താരങ്ങൾ അടങ്ങുന്ന ഫുട്ബാൾ, വോളിബാൾ, ബാസ്ക്കറ്റ് ബാൾ, ക്രിക്കറ്റ്, ടേബിൾ ടെന്നീസ്, ഷട്ടിൽ ബാറ്റ്മിന്റൺ ടീമുകൾ ഒരു കാലത്ത് ഫാക്ടിന്റെ അഹങ്കാരമായിരുന്നു. ആ പ്രതാപം അസ്തമിച്ചതോടെ കളിക്കളങ്ങളെ എല്ലാവരും കൈവിടുകയായിരുന്നു. ജില്ലയുടെ കായികമേഖലയിൽ കരുത്തുറ്റ പിന്തുണയാകാൻ സാധിക്കും വിധംസുസജ്ജമായ ഈ കളിക്കളങ്ങൾ പുതിയ തലമുറയ്ക്ക് ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റണമെന്ന് കായികപ്രേമികൾ ആവശ്യപ്പെടുന്നു.

ഫാക്ട് സ്റ്റേഡിയം ( ഫാക്ട് സ്പോർട്സ് അസോസിയേഷൻ ഗ്രൗണ്ട് )

5,000 ത്തിലധികം ആളുകളെ ഉൾക്കൊള്ളാനും പാർക്കിംഗ് സൗകര്യവുമുള്ള മൈതാനം. സന്തോഷ് ട്രോഫി ഉൾപ്പടെയുള്ള കളിക്കാരുടെ പരിശീലന ഗ്രൗണ്ട്. വോളിബാൾ, ക്രിക്കറ്റ്, ബാസ്ക്കറ്റ് ബാൾ, ടെന്നീസ്, കബഡി എന്നിവയ്ക്കായി പ്രത്യേകം കോർട്ടുകൾ. ഉദ്യോഗമണ്ഡൽ തിയേറ്ററിന് സമീപത്തെ ദേശീയ മത്സരങ്ങൾ നടന്ന ബാസ്ക്കറ്റ് ബാൾ, വോളി ബാൾ കോർട്ടുകൾ പൂർണ്ണമായും നാമാവശേഷമായി. പ്രാദേശിക ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെന്റുകളുടെ വേദിയാണ് ഇപ്പോൾ ഫാക്ട് ഗ്രൗണ്ട്. റോഡ് നിരപ്പിൽ നിന്ന് അഞ്ചടി ഉയരത്തിൽ മണ്ണിട്ട് ഉയർത്തി നിരപ്പാക്കി മണൽ, ചകിരി എന്നിവ മിക്സ് ചെയ്ത് ശാസ്ത്രീയമായി നിർമ്മിച്ച ഈ ഗ്രൗണ്ട് 1965ലും 992ലും രഞ്‌ജി ട്രോഫി ക്രിക്കറ്റ് വേദിയായി.

ഫാക്ട് ഹൈസ്കൂൾ ഗ്രൗണ്ട്

400 മീറ്റർ ഓട്ട മത്സരത്തിന് പറ്റിയ ഗ്രൗണ്ട് കേരളത്തിൽ അപൂർവമായ കാലഘട്ടത്തിൽ ഫാക്ട് ഹൈസ്കൂൾ ഗ്രൗണ്ടായിരുന്നു സംസ്ഥാന-ദേശീയ മത്സരങ്ങളുടെ വേദി. ഹർഡിൽ, സ്ലോ ഹർഡിൽസ്, ലോംഗ് ജംപ്, ഹൈജംപ്, ഹാമർത്രോ, ജാവലിൻ, പോൾ വാൾട്ട് , ഷോട്ട്പുട്ട്, തുടങ്ങി എല്ലാ മത്സരങ്ങളും ഒരേ സമയം നടത്താൻ സൗകര്യം. പി.ടി. ഉഷ, ഷൈനി ഏബ്രഹാം, എം.ഡി.വത്സമ്മ, യോഹന്നാൻ, മേഴ്സി കുട്ടൻ തുടങ്ങി പ്രശസ്ത കായിക താരങ്ങൾ ഓടിയ മൈതാനമാണ്.

ഉദ്യോഗമണ്ഡൽ സ്കൂൾ, ഈസ്റ്റേൺ സ്കൂൾ, സെൻട്രൽ സ്കൂൾ, ഒ.ഡി. ക്വാർട്ടേഴ്സ് എന്നിവയ്ക്ക് സമീപം നാല് കളിക്കളങ്ങൾ വേറെയുണ്ട്.

അമോണിയ പ്ലാന്റ് സ്ഥാപിച്ചപ്പോൾ വെസ്റ്റേൺ സ്കൂൾ ഗ്രൗണ്ട് നഷ്ടമായി. ഇവിടെയും ഫുട്ബാൾ, വോളിബാൾ ബാസ്ക്കറ്റ് ബാൾ കോർട്ടുകൾ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL