SignIn
Kerala Kaumudi Online
Saturday, 20 June 2026 11.57 PM IST

പരുന്തുംപാറയിലെ റോഡ് നിർമ്മാണം നിർത്തിവച്ചു, റോഡ് വെട്ടിയതിന് ഡി.ടി.പി.സി കരാ‌ർ നൽകിയ കമ്പനി

road
പരുന്തുംപാറയിൽ അനുമതിയില്ലാതെ നടത്തിയ റോഡ് നിർമ്മാണം പീരുമേട് റവന്യൂ ഉദ്യോഗസ്ഥരെത്തി നിറുത്തിവയ്പ്പിക്കുന്നു

പീരുമേട്: പരുന്തുംപാറയിൽ ഒരു കിലോമീറ്ററോളം നീളത്തിൽ അനധികൃതമായി റോഡ് വെട്ടിയതിനെതിരെ നടപടി. ഇന്നലത്തെ കേരളകൗമുദി വാർത്തയെ തുടർന്നാണ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അനുമതിയില്ലാതെ വെട്ടിയ റോഡ് നിർമ്മാണം നിറുത്തിവയ്പ്പിച്ചത്. പരുന്തുംപാറ മൊട്ടക്കുന്നിൽ വാച്ച് ടവർ നിർമ്മിക്കാനും ടൂറിസം വികസനത്തിനും വേണ്ടി ഡി.ടി.പി.സി അമ്പത് സെന്റ് സ്ഥലം ഏറ്റെടുത്തിരുന്നു. എന്നാൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ഡി.ടി.പി.സി കരാർ നൽകിയ സ്വകാര്യ കമ്പനി റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പുതിയതായി റോഡ് വെട്ടുകയായിരുന്നു. നിലവിൽ പരുന്തുംപാറയിലുള്ള ഒഫ് റോഡ് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് മാർഗ്ഗമാണ് ഇവർക്ക് സഞ്ചരിക്കാൻ അനുമതി നൽകിയിരുന്നത്. എന്നാൽ ഇത് കൂടാതെയാണ് ഒരു കിലോമീറ്റർ നീളത്തിൽ കുന്നിലൂടെ പുതിയ റോഡ് വെട്ടിയിരിക്കുന്നത്. ഡി.ടി.പി.സി ഏറ്റെടുത്ത അമ്പത് സെന്റിന് പുറത്താണ് റവന്യൂ വകുപ്പിന്റെ അനുമതി വാങ്ങാതെ കുന്നിടിച്ച് റോഡ് വെട്ടിയത്. റോഡ് നിർമ്മാണം നടത്തിയ കരാറുകാരോട് റോഡ് പൂർവ്വാവസ്ഥയിലാക്കണമെന്ന് റവന്യൂ വകുപ്പ് രേഖാമൂലം നിർദേശം നൽകി. പീരുമേട് ലാന്റ് അസൈൻമെന്റ് തഹസിൽദാരുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി തഹസിൽദാർ, പിരുമേട് വില്ലേജ് ഓഫീസർ എന്നിവരോടൊപ്പം മറ്റ് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

ഹിറ്റാച്ചി കസ്റ്റഡിയിലെടുക്കാനായില്ല

പരുന്തുംപാറയിൽ നിർമ്മാണം നടത്തിയിരുന്ന ഹിറ്റാച്ചി റവന്യൂ ഉദ്യോഗസ്ഥർക്ക് കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞില്ല. ബുധനാഴ്ച ഇവിടെ ലോറിയിലെത്തിച്ച ഹിറ്റാച്ചി റോഡ് നിർമ്മാണത്തിന് ശേഷം റോഡ് വെട്ടിയ സ്ഥലത്ത് തന്നെ നിറുത്തി ഇട്ടിട്ട് ഡ്രൈവർ കടന്നു കളഞ്ഞു. റവന്യൂ ഉദ്യോഗസ്ഥർ ഡ്രൈവറെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടിയിട്ടില്ല. ഇതിനാലാണ് ഹിറ്റാച്ചി കസ്റ്റഡിയിലെടുക്കാൻ റവന്യൂ വകുപ്പിന് കഴിയാത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL