തൊടുപുഴ: ഒരു മാസത്തിലേറെ നീണ്ട വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഫുട്ബോൾ ലോകകപ്പിൽ ആര് മുത്തമിടുമെന്നറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ നാടെങ്ങും കാൽപന്ത് ലഹരിയിൽ. നാളെ പുലച്ചെ ഇന്ത്യൻ സമയം 12.30ന് ഫൈനൽ മത്സരം ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ. ന്യൂജേഴ്സിയിലെ ഫൈനലിൽ മാറ്റുരയ്ക്കുന്ന സ്പെയിൻ 16 വർഷങ്ങൾക്കുശേഷം കിരീടം നേടുമോ അതോ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കപ്പ് നിലനിറുത്തുമോ എന്നതിൽ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ഇരുടീമുകളുടെയും ആരാധകർ നേരിട്ടും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും പൊരിഞ്ഞ വാക്പോരിലാണ്. അർജന്റീന ആരാധകരാണ് എണ്ണത്തിൽ കൂടുതലെങ്കിലും ഫൈനലിലെത്താതെ പുറത്തായ ടീമുകളെ പിന്തുണച്ചിരുന്നവരും സ്പെയിനിനായി രംഗത്തിറങ്ങിയതോടെ ആവേശം വാനോളമാണ്. കളി കാണാൻ വിപുലമായ ക്രമീകരണങ്ങളാണ് നാട്ടിൻപുറങ്ങളിലും നഗരങ്ങളിലുമെല്ലാം ഒരുക്കിയിരിക്കുന്നത്. ക്ലബുകളും ലൈബ്രറികളിലും മാത്രമല്ല യുവജനസംഘടനകളും ജനപ്രതിനിധികളുമെല്ലാം മത്സരം കാണുന്നതിനായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ വലിയ സ്ക്രീനിൽ മത്സരം പ്രദർശിപ്പിക്കുന്നുണ്ട്.
ഡീൻ അർജന്റീനയ്ക്കൊപ്പം, കറണ്ടിന് ഗ്യാരന്റിയില്ലെന്ന് മണിയാശാൻ
എം.പിയും എം.എൽ.എമാരുമടക്കമുള്ള ജനപ്രതിനിധികളും ഫുട്ബോൾ ലഹരിയിലാണ്. കൂടുതൽ പേരും അർജന്റീന ഫാൻസാണ്. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ സിറിയക് തോമസ്, എഫ്. രാജ എന്നിവർക്ക് അർജന്റീനയും മെസിയുമെന്നാൽ ഏറെ പ്രിയപ്പെട്ടതാണ്. രാഷ്ട്രീയത്തിൽ വിരുദ്ധ ധ്രുവങ്ങളിലാണെങ്കിലും ഇക്കാര്യത്തിൽ മുതിർന്ന സി.പി.എം നേതാവ് മണിയാശാനും ഇവർക്കൊപ്പമുണ്ട്. വിജയങ്ങളും പരാജയങ്ങളും ഒരു പോലെ ഏറ്റുവാങ്ങിയ ഒരു ജനതയുടെ ആത്മവിശ്വാസവും പോരാട്ടവീര്യവും അർജന്റീനയുടെ കളിയിൽ പ്രതിഫലിക്കുന്നതായാണ് മണിയാശാൻ പറയുന്നത്. ഫൈനൽ വീട്ടിലെ ടി.വിയിൽ തന്നെ കാണുമെന്നു പറഞ്ഞ മണിയാശാൻ കറണ്ട് ഉണ്ടാകുമോ എന്നതിൽ ഗ്യാരന്റിയില്ലെന്ന് വൈദ്യുതി വകുപ്പിനെ ട്രോളാനും മറന്നില്ല. 23 വർഷം തുടർച്ചയായി മത്സരങ്ങൾ കാണുന്നതിന് ഇത്തവണയും മുടക്കമില്ലെന്ന് ഡീനും വ്യക്തമാക്കി. ഇവരെല്ലാം വീട്ടിലായിരിക്കും ഇത്തവണ മത്സരം കാണുക. ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെയും സേനാപതിവേണു എം.എൽ.എയുടെയും ഇഷ്ടടീമുകൾ ഇത്തവണത്തെ ഫൈനലിൽ ഇല്ലെങ്കിലും മത്സരം കാണുമെന്നാണ് ഇരുവരുടെയും നിലപാട്. ഫ്രാൻസാണ് ഇഷ്ട ടീമെങ്കിലും അർജന്റീനയ്ക്കാണ് സേനാപതി വേണുവിന്റെ ആശംസകൾ. തന്റെ ഇഷ്ട ടീമായ നെതർലന്റ്സ് പുറത്തായെങ്കിലും സ്പെയിൻ ജയിക്കണമെന്നാണ് അപുവിന്റെ താത്പര്യം. ഓഫീസ് കോമ്പൗണ്ടിൽ പൊതുജനങ്ങൾക്കായി തയ്യാറാക്കിയ സ്ക്രീനിലാകും ചീഫ് വിപ്പ് കളികാണുക. സേനാപതി വേണു എം.എൽ.എയും നാട്ടിലെ പാർട്ടി പ്രവർത്തകർക്കൊപ്പമായിരിക്കും കളികാണുന്നത്. ഇഷ്ട ടീം ബ്രസീൽ പുറത്തായെങ്കിലും ഫൈനൽ കാണുമെന്നാണ് റോയ് കെ. പൗലോസ് എം.എൽ.എയും പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |