പുതിയ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ ഇടത്താവളം
തൊടുപുഴ: നിർമ്മാണം പൂർത്തിയാക്കിയ മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ ശുചിമുറി സമുച്ചയം സാമൂഹ്യവിരുദ്ധർക്ക് ഇടത്താവളമാകുന്നു. 32 ലക്ഷം രൂപ മുടക്കിയ കെട്ടിടം തുറന്ന് ഷീ ലോഡ്ജ് അടക്കമുള്ള സംവിധാനം നഗരത്തിലെത്തുമെന്നൊക്കെയുള്ള അധികൃതരുടെ പ്രഖ്യാപനം സാമൂഹ്യവിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള ഇടമായി മാറിയെന്നതാണ് യാഥാർത്ഥ്യം. പലതവണ ഉദ്ഘാടന മാമാങ്കത്തിന് വേദിയായ കെട്ടിടം കഴിഞ്ഞ നവംബറിലാണ് ഒടുവിലത്തെ ഉദ്ഘാടനത്തിന് സാക്ഷിയായത്. രണ്ടു നിലകളിലുള്ള കെട്ടിടത്തിന്റെ മുകൾഭാഗത്ത് രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടമാണ്.
ഒഴിഞ്ഞ മദ്യക്കുപ്പികളും ഗ്ലാസും അടക്കമുള്ളവ ഇവിടെ കാണാം. ശൗചാലയത്തിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുന്നതിനാൽ ഇതിനകത്തും മദ്യക്കുപ്പികൾ ധാരാളമായി നിക്ഷേപിച്ചിട്ടുണ്ട്. സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിച്ചതോടെ കംഫർട്ട് സ്റ്റേഷന് ചുറ്റം വലിയ റിബൺ വലിച്ചുകെട്ടിയത് മാത്രമാണ് ഏക നടപടി. മുമ്പ് മലിനജല സംസ്‌കരണ പ്ലാന്റിന്റെ (എസ്.ടി.പി) നിർമ്മാണം പൂർത്തിയാക്കാത്തത് മൂലമാണ് കെട്ടിടം തുറക്കാൻ വൈകിയിരുന്നത്. നിലവിൽ ഈ പണി പൂർത്തീകരിക്കുകയും ചെയ്തു. പ്ലാന്റിന്റെ നിർമ്മാണം ആരംഭിക്കുമ്പോൾ ഒരു മാസത്തിനകം പണി പൂർത്തിയാക്കി ശുചിമുറി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നായിരുന്നു നഗരസഭാ അധികൃതരുടെ വാഗ്ദാനം. എന്നാൽ പ്രഖ്യാപനം നടത്തിയതല്ലാതെ ഒന്നുമായില്ല. വർഷങ്ങളായി കെട്ടിടം വെറുതെ കിടക്കുന്നതിനാൽ സാമൂഹിക വിരുദ്ധരുടെ ശല്യവും മറ്റും മൂലം നേരത്തെ നടത്തിയ പ്ലബ്ലിംഗ് വർക്കുകളിൽ ഭൂരിഭാഗവും നശിച്ചു കഴിഞ്ഞു.
പഴയശൗചാലയത്തിൽ മാലിന്യം പുറത്തേക്ക് ഒഴുകുന്നു
ഇതിന് സമീപം പ്രവർത്തിക്കുന്ന പഴയ ശൗചാലയത്തിൽ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതായി ആരോപണമുണ്ട്. മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ പിൻഭാഗത്തേക്ക് സെപ്ടിക് ടാങ്കിൽ നിന്നടക്കമുള്ള മലിനജലം ഒഴുക്കുന്നതായാണ് വ്യാപക പരാതി. പലപ്പോഴും ഈ ഭാഗത്ത് രൂക്ഷഗന്ധമായതിനാൽ പ്രാഥമികകൃത്യത്തിനായി എത്തുന്നവർക്കും യാത്രക്കാരായ പൊതുജനങ്ങൾക്കും വഴി നടക്കാൻ പോലുമാകാത്ത സ്ഥിതി വിശേഷമാണ്. ചില സമയങ്ങളിൽ ബസ് സ്റ്റാൻഡിനുള്ളിലേക്കും ഇവിടെ നിന്നും മലിനജലം ഒഴുകിയെത്താറുണ്ട്.
ശൗചാലയമില്ല
തിരക്കേറിയ മുനിസിപ്പൽ പാർക്കിന് സമീപത്തെ സ്ത്രീസൗഹൃദ ശൗചാലയം അടച്ചുപൂട്ടിയിട്ട് മാസങ്ങളായി. സിവിൽ സ്റ്റേഷനിലും നഗരസഭകാര്യാലയത്തിലുമെത്തുന്ന നൂറുകണക്കിനാളുകൾ നെട്ടോട്ടം ഓടേണ്ട അവസ്ഥയിലായിട്ടും ഇത് തുറക്കാൻ ഇതുവരെയും നടപടിയായിട്ടില്ല. ഉള്ളവയാണെങ്കിൽ മതിയായ പരിപാലനമില്ലാത്തതിനാൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |