SignIn
Kerala Kaumudi Online
Tuesday, 20 October 2026 10.53 AM IST

മഴക്കെടുതിയും കടുത്ത ചൂടും: ഏലം കർഷകർ ഉരുകുന്നു  വിളവെടുപ്പിൽ നാലിലൊന്നിന്റെ ഇടിവ്

പീരുമേട്: കാലവർഷത്തിലുണ്ടായ കനത്ത കുറവും ഉയർന്ന ചൂടും ഇടുക്കിയിലെ ഏലം കർഷകരെ വലിയ തകർച്ചയിലേക്ക് തള്ളിവിടുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഏലം ഉത്പാദിപ്പിക്കുന്ന പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലാണ് പ്രതികൂല കാലാവസ്ഥ കാരണം കൃഷി വ്യാപകമായി നശിക്കുന്നത്. ഏറ്റവും കൂടുതൽ ഏലക്കായ് ഉത്പാദനവും വിളവെടുപ്പും നടക്കേണ്ട ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ആവശ്യത്തിന് മഴ ലഭിക്കാതിരുന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. നിലവിൽ ഹൈറേഞ്ച് മേഖലകളിൽ 28 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്. കുമളി, ആനവിലാസം, ചക്കുപള്ളം, വണ്ടന്മേട്, അണക്കര, പുറ്റടി, പീരുമേട് തുടങ്ങി ഏലം കൃഷി വ്യാപകമായിട്ടുള്ള പ്രദേശങ്ങളിലെല്ലാം തന്നെ ചെടികൾ വാടി കരിയുന്ന അവസ്ഥയിലാണ്. സ്വന്തമായി ജലസേചന സൗകര്യമില്ലാത്തതിനാൽ പൂർണ്ണമായും മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന ചെറുകിട കർഷകരെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. അതേസമയം കൃത്യമായി നനയ്ക്കാൻ സൗകര്യമുള്ള വൻകിട തോട്ടങ്ങളിൽ ഉത്പാദനത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടില്ല. വിളവ് കുത്തനെ ഇടിഞ്ഞതോടെ വരും ദിവസങ്ങളിൽ വിപണിയിൽ ഏലക്കായ്ക്ക് വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് കർഷകരുടെയും വ്യാപാരികളുടെയും കണക്കുകൂട്ടൽ.

ആശ്വാസമായി മഴ

തിങ്കൾ രാത്രി ഹൈറേഞ്ചിലെ പല പ്രദേശങ്ങളിലും മഴ ലഭിച്ചത് കൃഷിക്ക് ആശ്വാസമായി. വരും ദിവസങ്ങളിലും സാമാന്യം നല്ല മഴ കിട്ടിയാൽ പ്രതിസന്ധിക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

ഉത്പാദനത്തിൽ ഗണ്യമായ കുറവ്

സാധാരണയായി ഒരു തവണ വിളവെടുത്തു കഴിഞ്ഞാൽ അടുത്ത വിളവെടുപ്പിനായി 50 മുതൽ 60 ദിവസം വരെയാണ് വേണ്ടി വരുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം കാരണം ഇത് 80 മുതൽ 90 ദിവസങ്ങളിലേക്ക് നീണ്ടു. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ലഭിച്ചിരുന്ന ഏലയ്ക്കയുടെ അളവ് നാലിലൊന്നായി ചുരുങ്ങി. ചരത്തിൽ ഉണ്ടാകുന്ന ഏലയ്ക്കയുടെ എണ്ണത്തിലും വലിപ്പത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. കൂടാതെ വിപണിയിൽ നല്ല വില ലഭിക്കാൻ ആവശ്യമായ സ്വാഭാവിക പച്ചനിറം ഏലക്കയ്ക്ക് നഷ്ടപ്പെടുന്നതായും കർഷകർ വ്യക്തമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL