
കരിങ്കുന്നം: ജനവാസ മേഖലയിൽ പ്ലൈവുഡ് ഫാക്ടറി ആരംഭിക്കുന്നതിന് അനുമതി നൽകുന്നതിനെതിരെ കരിങ്കുന്നത്ത് ജനകീയ പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്തെ ജലസ്രോതസുകൾ മലിനമാക്കുകയും മണ്ണിന്റെയും വായുവിന്റെയും ഗുണനിലവാരം തകർക്കുകയും വൻതോതിൽ ജലചൂഷണം നടത്തുകയും ചെയ്യുമെന്ന ആശങ്ക ഉയർത്തിയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മാരകമായ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ഫാക്ടറി പ്രവർത്തനം ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണിയാകുമെന്നാണ് സമരസമിതിയുടെ ആരോപണം. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കരിങ്കുന്നം വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോൺ ധർണ ഉദ്ഘാടനം ചെയ്തു. ജനവാസ മേഖലയിലെ ജനജീവിതത്തെയും കുടിവെള്ള ലഭ്യതയെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്ന വ്യവസായങ്ങൾ അനുവദിക്കരുതെന്ന ആവശ്യവുമായാണ് പ്രതിഷേധക്കാർ അണിനിരന്നത്. പ്ലൈവുഡ് ഫാക്ടറി പ്രവർത്തനം പ്രദേശത്തെ കുടിവെള്ള സ്രോതസുകളെ മലിനമാക്കാനും ഭൂഗർഭജല ലഭ്യതയെ ബാധിക്കാനും ഇടയാക്കുമെന്ന ആശങ്കയും നാട്ടുകാർ മുന്നോട്ടുവച്ചു. ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കാതെ ഫാക്ടറിക്ക് അനുമതി നൽകാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിൻമാറണമെന്നാണ്
പ്രതിഷേധക്കാരുടെ ആവശ്യം. ജനവാസ മേഖലയിൽ ഇത്തരം വ്യവസായങ്ങൾ പ്രവർത്തനം ആരംഭിച്ചാൽ ഭാവിയിൽ ഗുരുതരമായ ആരോഗ്യപരിസ്ഥിതി പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും അവർ ചൂണ്ടിക്കാട്ടി. മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ഫിലിപ്പ്, പഞ്ചായത്ത് അംഗങ്ങളായ ജോബി, ശ്രീജിത്ത്, കുടിവെള്ള സംരക്ഷണ സമിതിയംഗം വിനോദ്, നോബിൾ, സ്വീറ്റ്സൺ, രവി, ജെറി, ടോമി, മിനി പുതക്കാട്ട് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബേബിച്ചൻ, ജൂലി ബീന എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |