കണ്ടെത്തിയത് കുഞ്ഞിമംഗലം പൊരൂണി വയലിൽ
പയ്യന്നൂർ: പശ്ചിമഘട്ട മലനിരകളിലും, ചെങ്കൽ പരപ്പുകളിലും സുലഭമായി കണ്ടു വരുന്ന നെയ്പ്പുല്ലിന്റെ സ്പീഷീസിൽ പെടുന്ന പുതിയൊരു ചെടി കൂടി ഗവേഷകർ കണ്ടെത്തി. കുഞ്ഞിമംഗലം പഞ്ചായത്തിൽ താമരംകുളങ്ങരയിലെ കണ്ടൽക്കാടുകളോട് ചേർന്ന ഉപ്പു വെള്ളം കയറുന്ന പൊരൂണി വയലിലാണ് പുതിയ സസ്യത്തെ തിരിച്ചറിഞ്ഞത്.
കണ്ടൽക്കാടുകളുടെയും ഇടനാടൻ കുന്നുകളുടെയും ജൈവ വൈവിദ്ധ്യങ്ങളുടെയും സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച എടാട്ട് താമരംകുളങ്ങരയിലെ പരിസ്ഥിതി പ്രവർത്തകൻ പി.പി. രാജനോടുള്ള ആദര സൂചകമായി പുതിയ സസ്യത്തിന് "ഡൈമേറിയ രാജനിയാന" (Dimeria Rajaniana) എന്നാണ് ഗവേഷക സംഘം പേര് നൽകിയിട്ടുള്ളത്.
സസ്യം കണ്ടെത്തിയത് സംബന്ധിച്ച് ജൂലായ് മാസത്തെ പ്ലാന്റ് ഡവലപ്പ്മെന്റ് സയൻസ് ജേണലിൽ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സസ്യ ഗവേഷകരായ ഡോ. എം.കെ രതീഷ് നാരായണൻ (പയ്യന്നൂർ കോളേജ്), ഡോ. സി.എൻ സുനിൽ (എസ്.എൻഎം കോളേജ്, മാലിയേങ്കര, എറണാകുളം), സിദ്ധാർത്ഥ് എസ്. നായർ, കെ. ചൈത്ര, എം.കെ ലക്ഷ്മി നന്ദന എന്നിവരടങ്ങിയ സംഘമാണ് പുതിയ സസ്യത്തെ കണ്ടെത്തി ശാസ്ത്ര ലോകത്തെ അറിയിച്ചത്.
പശ്ചിമഘട്ട മലനിരകളിലും ചെങ്കൽ പാറകൾക്കിടയിലും കണ്ടുവരുന്ന 23 ഇനം ഡൈമേറിയ സ്പീഷീസുകളിൽ നിന്നും
വളരെ വ്യത്യസ്തമാണ് ഉപ്പു വെള്ളത്തിന്റെ സാന്നിദ്ധ്യമുള്ള പൊരൂണി വയലിൽ നിന്നും കണ്ടെത്തിയ പുതിയ സസ്യം. ഇത് ആലപ്പുഴ ഭാഗത്ത് കണ്ടെത്തിയ "ഡൈമേറിയ കോപ്പിയാന" എന്ന സ്പീഷിസിൽ നിന്നും ഏറെ വിഭിന്നമാണെന്ന് ഗവേഷകർ അറിയിച്ചു.
സസ്യത്തിനു നൽകിയ പേര് പി.പി. രാജനു ലഭിച്ച അംഗീകാരം
കണ്ടൽ ചെടികളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണ പ്രവർത്തകനും ജൈവ ഭക്ഷ്യ - ജൈവ കൃഷി തുടങ്ങിയ മേഖലകളിൽ പ്രായോഗിക - ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന പരിസ്ഥിതി സാമൂഹിക പ്രവർത്തകൻ എടാട്ട് താമരംകുളങ്ങരയിലെ പി.പി. രാജന് രാജ്യാന്തര തലത്തിൽ ലഭിച്ച ബഹുമതിയാണ്, പുതുതായി കണ്ടെത്തിയ സസ്യത്തിന്, ഇദ്ദേഹത്തിന്റെ പേരുൾപ്പെടുത്തി നൽകിയ നാമധേയമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
പൊരൂണി വയലിലും കൈപ്പാട് പ്രദേശങ്ങളിലും കണ്ടലുകൾ നശിപ്പിച്ച് നിലം നികത്തിയതിനെതിരെ പി.പി രാജന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർ ഹൈക്കോടതിയിൽ നൽകിയ പരാതിയിലാണ്, തണ്ണീർതടം നികത്താനുപയോഗിച്ച മണ്ണും മറ്റും നീക്കം ചെയ്ത്, നശിപ്പിച്ച കണ്ടൽചെടികൾക്ക് ഒന്നിന് പകരം മൂന്നെണ്ണം വീതം, മൂന്ന് മാസത്തിനുള്ളിൽ നട്ടു പിടിപ്പിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ഉണ്ടായത്. ഇതേ തുടർന്ന് സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ നേതൃത്വത്തിൽ പൊരൂണി വയലിൽ നട്ടുപിടിപ്പിച്ച കണ്ടൽചെടികൾക്ക് സമീപമുള്ള ചതുപ്പ് വയലിലാണ് പുതിയ സസ്യത്തെ ഗവേഷകർ കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |