SignIn
Kerala Kaumudi Online
Sunday, 19 July 2026 7.32 AM IST

കടിയേറ്റ് ആശുപത്രിയിലെത്തിയത് ഏഴുപേർ; കണ്ണൂരിലെ തെരുവുകൾ നായകൾക്ക് സ്വന്തം

naya

കണ്ണൂർ: കണ്ണൂരിൽ തെരുവുനായകളെ പേടിച്ച് കാൽനട പോലും അസാദ്ധ്യമാകുന്ന നിലയിലേക്ക്. ഏഴുപേരാണ് ഇന്നലെ മാത്രം തെരുവുനായകളുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. കക്കാട് ശാദുലിപ്പള്ളി ഭാഗത്താണ് ഇന്നലെ തെരുവുനായ ഏഴുപേരെ ആക്രമിച്ചത്. ഈ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു.
ശാദുലിപ്പള്ളി അരൂംഭാഗത്ത് വി സി മുഹമ്മദ് (10),ബുഷ്‌റ (45),അഫ്‌സൽ (48),മൻസൂർ (48),ആസിമ (65), ഫാത്തിബി (80),ഷഹാന (14)എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ കാലത്ത് ഒൻപതര മണി മുതലാണ് ഇവിടെ തെരുവ് നായയുടെ അക്രമം ഉണ്ടായത്.

വീടിന്റെ വരാന്തയിൽ വച്ചാണ് വയോധികയായ ഫാത്തിബിയുടെ ഇരു കൈകളിലും നായ കടിച്ചത്. വീടിനകത്ത് കയറിയാണ് ആസിമയെ നായ അക്രമിച്ചത്. പത്തു വയസുകാരൻ മുഹമ്മദിന്റെ കൈവിരലും കടിച്ചു പറിച്ചു. വിദഗ്ദ്ധ ചികിത്സ ആവശ്യമായതിനെ തുടർന്ന് ഈ കുട്ടിയെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് തെരുവ് നായശല്യം രൂക്ഷമാണെന്നും മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായതായും ആശുപത്രിയിലെത്തിയ ഡിവിഷൻ കൗൺസിലറും കോർപറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ വി.കെ.മുഹമ്മദലി പറഞ്ഞു.

നഗരം നിറഞ്ഞ് നായകൾ

നഗരത്തിലെ വിവിധയിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. കടകളുടെയും മറ്റും സമീപ ഭാഗങ്ങളിൽ തമ്പടിക്കുന്ന നായ്ക്കൾ രാത്രി മുഴുവൻ മേഖലയും കയ്യടക്കും. പിന്നീട് രാവിലെ വരെ ഇവയുടെ അഴിഞ്ഞാട്ടമാണ്. തെരുവു നായ്ക്കളെ പേടിച്ചു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നാണ് വിദ്യാർത്ഥികളും യാത്രക്കാരും പറയുന്നത്. രാവിലെ സ്‌കൂളിലേക്കു പോകുന്ന കുട്ടികൾക്കു തെരുവു നായ്ക്കൾ ഭീഷണിയായി തുടരുകയാണ്. പഴയ ബസ്റ്റാൻഡ് പരിസരത്താണ് നായ്ക്കൾ കൂടുതലും തമ്പടിക്കുന്നത്. കളക്ടറേറ്റ് റോഡിലും, റെയിൽവെ സ്‌റ്റേഷനിലും തെരുവുനായ ശല്യം രൂക്ഷമാണ്.

സ്‌കൂൾ ബസിൽ കയറാനായി വീടിനു പുറത്തിറങ്ങാൻ പോലും കുട്ടികൾ പേടിക്കുകയാണ്. ജില്ലയിൽ ആകെ 2000 നായ്ക്കളുണ്ടെന്നാണ് കണക്ക്. മഴ മാറിയാൽ പുറത്തിറങ്ങുന്ന നായ്ക്കൾ പിന്നീട് പ്രദേശത്തു മുഴുവൻ കറക്കമാണ്. ഭക്ഷണം കിട്ടുന്ന സ്ഥലം കേന്ദ്രീകരിച്ചാണു നായ്ക്കൾ തമ്പടിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.

ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള കോർപ്പറേഷന്റെ പദ്ധതി പാളി

പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള കോർപ്പറേഷന്റെ പദ്ധതി പാടെ പാളിയതാണ് തെരുവുനായ പ്രശ്നം ഇത്രയ്ക്ക് രൂക്ഷമായതിന് പിന്നിൽ. കണ്ടെത്തിയ സ്ഥലത്ത് നാട്ടുകാരുടെ എതിർപ്പ് രൂക്ഷമായതോടെ കോർപറേഷന്റെ ഷെൽട്ടർ പ്രഖ്യാപനം മരവിച്ച മട്ടാണ്.താത്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ സാധിക്കാത്തതാണ് വെല്ലുവിളിയെന്ന് കോർപറേഷൻ അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL