
കണ്ണൂർ: വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് നഗരത്തിലെ കാൽടെക്സ് ഗാന്ധി സർക്കിളിലെ ട്രാഫിക് സിഗ്നലുകൾ ഓഫായതടക്കമുള്ള പ്രശ്നങ്ങളെ തുടർന്ന് കണ്ണൂർ നഗരത്തിൽ ഇന്നലെയുണ്ടായത് അതിരൂക്ഷമായ ഗതാഗത കുരുക്ക്. വൈകീട്ട് അഞ്ച് മണിക്ക് സിഗ്നലുകൾ പുനസ്ഥാപിച്ചെങ്കിലും ഗതാഗതകുരുക്ക് ഒഴിഞ്ഞില്ല. സിഗ്നലിന് ബാറ്ററി ബാക്കപ്പ് ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമായി.
ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി പോകുകയാരുന്ന ആംബുലൻസ് വരെ വഴിയിൽ കുടുങ്ങി. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നവരും എയർപോർട്ടിലേക്കുള്ള യാത്രക്കാരുമെല്ലാം കണ്ണൂരിലെ ട്രാഫിക്കിന്റെ ചൂട് ഇന്നലെ അറിഞ്ഞു. മണിക്കൂറോളമാണ് നഗരം ഗതാഗത കുരുക്കിൽ വലഞ്ഞത്.
പാപ്പിനിശ്ശേരി വരെ കുരുക്ക്
കണ്ണൂർ-തളിപറമ്പ് ദേശീയപാതയിൽ പാപ്പിനിശ്ശേരി മുതൽ തെക്കുഭാഗത്തേക്ക് വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങിയത്. കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്ക് അറിഞ്ഞ് തളിപ്പറമ്പ്-കണ്ണൂർ റൂട്ടിലോടുന്ന പല സ്വകാര്യ ബസുകളും ഇന്നലെ സർവീസ് ഒഴിവാക്കി വഴി തിരിച്ചുവിട്ടു. രാത്രി വൈകിയും ഗതാഗത കുരുക്ക് തുടർന്നു.
വളപട്ടണം പാലത്തിലും മണിക്കൂറോളം ഗതാഗതകുരുക്ക് രൂപപ്പെട്ടു. പല വാഹനങ്ങളിൽ നിന്നും ആളുകൾ പുറത്തിറങ്ങി നടക്കുന്ന സ്ഥിതിയുണ്ടായി.പാലം നിർമ്മാണം നടക്കുന്ന താഴെ ചൊവ്വയിലും വാഹനങ്ങൾ കടന്നുപോകാൻ ഏറെ സമയമെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |