അടുത്തമാസം ഓഹരി ഉടമകളുടെ യോഗം
കണ്ണൂർ: സി.പി.എം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക ബാങ്കിംഗ് സംരംഭമായ ഹലാൽ ഫായിദ സഹകരണ സൊസൈറ്റിക്കെതിരെ ഉയർന്ന നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ വിശദീകരണവുമായി ഭരണസമിതി. നിയമാവലി പ്രകാരം നിക്ഷേപം സ്വീകരിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും ആരിൽ നിന്നും നിക്ഷേപം സ്വീകരിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഭരണസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.
മയ്യിൽ സ്വദേശിയായ നിക്ഷേപകൻ കെ.പി നാസർ, തനിക്ക് പണം തിരികെ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ടി.കെ ഗോവിന്ദൻ എം.എൽ.എ വഴി പരാതി നൽകിയതോടെയാണ് വിവാദം പുറത്തുവന്നത്. വിവരം പുറത്തറിഞ്ഞതോടെ ഒരു ലക്ഷം രൂപ നാസറിന് തിരിച്ചുനൽകി. നിലവിൽ തനിക്ക് പരാതിയില്ലെന്നും ആവശ്യം പരിഗണിക്കപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2017 മുതൽ 2020 വരെ സഹകരണ വകുപ്പിന്റെ ഓഡിറ്റ് കൃത്യമായി നടത്തിയിരുന്നെന്നും ഒരു ഘട്ടത്തിലും ക്രമക്കേട് രേഖപ്പെടുത്തിയിട്ടില്ലെന്നും ഭരണസമിതി ചൂണ്ടിക്കാട്ടുന്നു. 2018-19 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വാദം. നിയമാവലി പ്രകാരം മൂന്നു വർഷത്തിനുശേഷം ഓഹരി തുക പിൻവലിക്കാമെന്നും രേഖാമൂലം ആവശ്യപ്പെട്ടവർക്ക് തിരിച്ചുനൽകിയിട്ടുണ്ടെന്നും സമിതി അറിയിച്ചു. 2025 മാർച്ച് ആറിന് നിലവിൽവന്ന പുതിയ ഭരണസമിതി സ്ഥാപനത്തെ മെച്ചപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും അടുത്തമാസം ഓഹരി ഉടമകളുടെ യോഗം വിളിക്കുമെന്നും അറിയിച്ചു. ഓഹരി എടുത്ത ആർക്കും നഷ്ടം സംഭവിക്കില്ലെന്നും ചില മാദ്ധ്യമങ്ങൾ നടത്തുന്ന കുപ്രചാരണങ്ങൾ തിരിച്ചറിയണമെന്നും സമിതി അഭ്യർത്ഥിച്ചു.
ലക്ഷ്യം കൈവരിക്കാതെ 9-ാം വർഷം
പലിശരഹിത നിക്ഷേപം സ്വീകരിച്ച് വ്യവസായ, വ്യാപാര, നിർമാണ മേഖലകളിൽ മുടക്കി ലാഭം നിക്ഷേപകർക്ക് വീതിച്ചു നൽകുകയെന്ന ലക്ഷ്യത്തോടെ 2017 ഡിസംബറിലാണ് സൊസൈറ്റി ഉദ്ഘാടനം ചെയ്തത്. 2017 ആഗസ്റ്റ് 25ന് രജിസ്റ്റർ ചെയ്ത് നവംബർ 13നാണ് ഔപചാരികമായി പ്രവർത്തനം തുടങ്ങിയത്. 6,913 ഓഹരികളിലായി 17,28,250 രൂപയാണ് സംഘത്തിന് ലഭിച്ചത്. ഇതിൽ 6,65,338 രൂപ ഓഫീസ്, ഫർണിച്ചർ, കംപ്യൂട്ടർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാൻ ചെലവഴിച്ചു. എന്നാൽ എട്ട് വർഷം പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യങ്ങൾ പൂർത്തിയാക്കാനോ സ്ഥാപനത്തിന്റെ വരവുചെലവ് കണക്കുകൾ പരസ്യമായി അവതരിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. മാംസ സംസ്‌കരണശാല സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പദ്ധതികൾ കൊവിഡ്, പ്രളയം തുടങ്ങിയ ദുരന്തങ്ങൾ കാരണം മുന്നോട്ടു കൊണ്ടുപോകാനായില്ലെന്നാണ് ഭരണസമിതിയുടെ വിശദീകരണം.
സാമ്പത്തിക വിവാദം തുടർക്കഥ
പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് ആരോപണം, കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി കണ്ണൂർ ലോക്കൽ കമ്മിറ്റി ഓഫിസ് നിർമാണത്തിനു സ്വരൂപിച്ച ഫണ്ടിലെ ക്രമക്കേട് ആരോപണം എന്നിവയ്ക്കു പിന്നാലെയാണ് കണ്ണൂരിൽ സി.പി.എമ്മുമായി ബന്ധപ്പെട്ട മറ്റൊരു സാമ്പത്തിക വിവാദം കൂടി ചർച്ചയാകുന്നത്. നിക്ഷേപകർ വഞ്ചിക്കപ്പെട്ട വിവരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ഉന്നയിക്കപ്പെട്ടിരുന്നുവെന്ന് ടി.കെ ഗോവിന്ദൻ എം.എൽ.എ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |