SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.18 AM IST

കെ.ജി. മാരാർ സ്മൃതി മണ്ഡപം ഉദ്ഘാടനം നാളെ

kg-marar
പയ്യാമ്പലത്തെ കെ.ജി.മാരാർ സ്മൃതി മണ്ഡപം

കണ്ണൂർ: ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.ജി മാരാരുടെ സ്മരണയ്ക്കായി പയ്യാമ്പലത്ത് ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി നിർമ്മിച്ച മാരാർജി സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം മാരാർജിയുടെ 92ാം ജന്മവാർഷികമായ നാളെ നടക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശില്പി ഉണ്ണി കാനായി നിർമ്മിച്ച മാരാർജിയുടെ 14 അടി ഉയരമുള്ള പ്രതിമ ഉൾപ്പെടുന്നതാണ് സ്മൃതി മണ്ഡപം.

ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ. പദ്മനാഭൻ മണ്ഡപം ഉദ്ഘാടനം ചെയ്യും. ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് അനുസ്മരണ പ്രഭാഷണം നടത്തും. ആർ.എസ്.എസ് ഉത്തര പ്രാന്ത സംഘ ചാലക് അഡ്വ. കെ.കെ. ബാലറാം, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബി.ജെ.പി ദേശീയ സമിതി അംഗം കെ.പി. ശ്രീശൻ തുടങ്ങിയവർ പങ്കെടുക്കും.

ശില്പി ഉണ്ണി കാനായി 36 ദിവസം കൊണ്ടാണ് മാരാർജി സ്മൃതി മണ്ഡപം പൂർത്തിയാക്കിയത്. 14 അടി ഉയരത്തിലും 12 അടി വീതിയിലും ചൂട് ഇഷ്ടികയും സിമന്റും മണലും ഉപയോഗിച്ച് സിറാമിക് ടൈൽസിൽ പൂർത്തിയാക്കിയ സ്മൃതി മണ്ഡപത്തിൽ മൂന്നര അടി ഉയരമുള്ള മാരാർജിയുടെ അർദ്ധകായ ഫൈബർ ശില്പവുമുണ്ട്. കടൽകാറ്റും വെയിലും കൊള്ളുന്ന സ്ഥലമായതുകൊണ്ട് കാലാകാലങ്ങളോളം നിലനിൽക്കുന്ന രീതിയിലാണ് സ്മൃതിമണ്ഡപത്തിന്റെ നിർമ്മാണം. ഉപ്പ് കാറ്റിനെയും ചൂടിനെയും അതിജീവിക്കാൻ വേണ്ടിയാണ് ശില്പം ഫൈബർ ഗ്ലാസിൽ നിർമ്മിച്ചത്. ചെറു പുഞ്ചിരിയോടെയുള്ള ശില്പം ആദ്യം കളിമണ്ണിൽ നിർമ്മിച്ച് പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത ശേഷം ഫൈബർ ഗ്ലാസിൽ കാസ്റ്റ്‌ ചെയ്ത് ശില്പത്തിന് വെങ്കല നിറം പൂശുകയായിരുന്നു.

വാർത്താ സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.പി. ഗംഗാധരൻ, ടി.സി. മനോജ്, ട്രഷറർ പി.കെ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL