SignIn
Kerala Kaumudi Online
Friday, 25 September 2026 4.01 AM IST

ക്ഷേത്ര കവർച്ച: 13 വർഷം ഒളിവിലായ പ്രതി പിടിയിൽ  

sunil-
സുനില്‍കുമാകര്‍

കണ്ണൂർ: കേളകത്തെ ക്ഷേത്രത്തിൽ നിന്ന് കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ. സോഷ്യൽ മീഡിയ അക്കൗണ്ട് പിന്തുടർന്നാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്.

കൊട്ടിയൂർ സ്വദേശി മലമ്പ്രത്ത് സുനിൽ കുമാറിനെയാണ് (50) എറണാകുളം തൃപ്പൂണിത്തുറയിൽനിന്ന് കേളകം പൊലീസ് സാഹസികമായി പിടികൂടിയത്. ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് വർഷങ്ങളായി മുങ്ങിനടക്കുകയായിരുന്ന പ്രതിയെ സൈബർ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം അഴിക്കുള്ളിലാക്കിയത്.

2001ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേളകം ശ്രീ മൂർച്ചിലക്കാട്ട് ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ കോടതി പ്രതിയെ ശിക്ഷിച്ചിരുന്നു. എന്നാൽ തുടർനടപടികൾക്കിടെ ജാമ്യാപേക്ഷ തള്ളിയതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. 13 വർഷത്തോളമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുനിൽ കുമാർ, വർഷങ്ങൾ കഴിഞ്ഞതോടെ തനിക്കെതിരായ കേസ് അവസാനിച്ചിട്ടുണ്ടാകുമെന്ന ധാരണയിൽ സ്വന്തം പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി സമൂഹമാദ്ധ്യമങ്ങളിൽ സജീവമായി.

അറസ്റ്റ് വാറന്റ് നിലവിലുണ്ടായിരുന്നതിനാൽ കേളകം പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇയാൾ ഫേസ്ബുക്കിൽ സജീവമാണെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ അക്കൗണ്ട് വിവരങ്ങളും ഇന്റർനെറ്റ് പ്രവർത്തനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് തൃപ്പൂണിത്തുറയിലുണ്ടെന്ന് കണ്ടെത്തിയത്.

കേളകം എസ്.എച്ച്.ഒ മെൽവിൻ വിൻസെന്റിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയാണ് പ്രതിയെ അറസ്റ്റുചെയ്തത്. തുടർനടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL