
പാലക്കാട്: മകളെ പ്രണയിച്ച മലയാളി ജീവനക്കാരനെ ബംഗളൂരുവിൽ ഫാക്ടറി ഉടമ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി. പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ സ്വദേശി കിരൺ (22) ആണ് മരിച്ചത്. സംഭവത്തിൽ ബംഗളൂരു യെലഹങ്കയിൽ സ്വീറ്റ് കോൺ നിർമ്മാണ യന്ത്രങ്ങൾ നിർമ്മിക്കുന്ന ഫാക്ടറി ഉടമ തമിഴ്നാട് സ്വദേശി ആനന്ദിനെ യെലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
കഴിഞ്ഞ രണ്ടു വർഷമായി ആനന്ദിന്റെ ഫാക്ടറിയിലെ ജീവനക്കാരനാണ് കിരൺ. ആനന്ദിന്റെ മകളായ 19കാരിയുമായി കിരൺ അടുപ്പത്തിലായിരുന്നു. തുടർച്ചയായ അവധി വന്നതോടെ മൈസൂരിൽ പഠിക്കുന്ന പെൺകുട്ടി വീട്ടിലെത്തി. ഇതിനിടെ ആനന്ദും ഭാര്യയും തമിഴ്നാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി. ഇതിന് പിന്നാലെ കിരൺ ഇവരുടെ വീട്ടിലെത്തി. അപ്രതീക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തിയ ആനന്ദ് മകൾക്കൊപ്പം കിരണിനെ കണ്ടതോടെ പ്രകോപിതനായി.
തുടർന്ന് മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയശേഷം കിരണിനെ ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു. അടിവയറ്റിലുൾപ്പെടെ മർദ്ദനമേറ്റ കിരൺ കുഴഞ്ഞുവീണു. തുടർന്ന് ആനന്ദ് തന്നെ കിരണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |