
കൊണ്ടോട്ടി: ദുബായിൽ നിന്ന് 18 പവൻ സ്വർണവുമായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പ്രതീതി സൃഷ്ടിച്ച് സ്വർണം കവരാനുള്ള നീക്കം കരിപ്പൂർ പൊലീസ് പൊളിച്ചു. കടത്തികൊണ്ടുവന്ന സ്വർണം ഏറ്റുവാങ്ങാനെത്തിയ ആളെ വെട്ടിച്ച് സ്വർണം തട്ടിയെടുക്കാനായിരുന്നു ശ്രമം. സംഭവത്തിൽ യുവതി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി.
യുവതിയുമായി പാഞ്ഞ കാറിനെ 12 കിലോമീറ്റർ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. തലശേരി തിരുവങ്ങാട് സ്വദേശി പ്രിയങ്ക (34), കണ്ണൂർ സ്വദേശികളായ ശ്രീലാൽ, പ്രിൻസ്, സുബിത്ത്, മട്ടന്നൂർ ശിവപുരം സ്വദേശി ജാബിർ എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് റിനീഷ് ഒളിവിലാണ്.
കസ്റ്റംസ് പരിശോധന മറികടക്കാൻ സ്വർണമാലയും വളയും കൈച്ചെയിനുമടക്കം 18 പവൻ ശരീരത്തിൽ അണിഞ്ഞാണ് പ്രിയങ്ക വിമാനമിറങ്ങിയത്. സ്വർണം ഏറ്റുവാങ്ങാനെത്തിയ ആളെ വെട്ടിച്ച് പ്രിയങ്കയുമായി സംഘം കാറിൽ കയറി പാഞ്ഞു. സ്വർണം ഏറ്റുവാങ്ങാനെത്തിയ ആൾ കാറിന് പിറകെ ഒാടുന്നത് കഴിഞ്ഞ ദിവസത്തെ സ്വർണക്കവർച്ചാ ശ്രമത്തിന്റെ അന്വേഷണത്തിനെത്തിയ കരിപ്പൂർ എസ്.എച്ച്.ഒയും സംഘവും കണ്ടു.
ജീപ്പിലും ബൈക്കിലുമായി പൊലീസ് സംഘം കാറിനെ പിന്തുടർന്നു. 12 കിലോമീറ്റർ പിന്നിട്ട് പുളിക്കൽ ആന്തിയൂർക്കുന്ന് റോഡിൽവച്ച് കാർ തടഞ്ഞു നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. പിടിയിലായവർ നേരത്തെ നിരവധി കവർച്ചാക്കേസുകളിൽ പിടിയിലായിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ശൈലേഷ് കുമാർ, എ.എസ്.ഐമാരായ റീന, കബീർ, സി.പി.ഒ റിഷാദ്, സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |