കാഞ്ഞങ്ങാട്: രണ്ടു വർഷം മുമ്പ് തിരുവോണത്തലേന്ന് സന്ധ്യയ്ക്ക് ഉണ്ടായ ദുരന്തത്തിന്റെ ഓർമ്മകൾ മായാതെ നിൽക്കുന്ന കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പുതിയ മേൽപ്പാലമൊരുങ്ങുന്നു.
മേൽപ്പാലമില്ലാത്ത ഭാഗത്തെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് പാത മുറിച്ചുകടക്കുകയായിരുന്ന മൂന്നു സ്ത്രീകളാണ് 2024 സെപ്തംബർ 14ന് സന്ധ്യയ്ക്ക് ട്രെയിൻതട്ടി മരിച്ചത്. രാജപുരത്ത വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ, ആലീസ് തോമസ്, ഈയ്ഞ്ചൽ എബ്രഹാം എന്നിവരാണ് ദുരന്തത്തിനിരയായത്.
സ്റ്റേഷനിലെ ഏറ്റവും തിരക്കേറിയ വടക്കുഭാഗത്ത് മേൽപ്പാലം വേണമെന്ന ആവശ്യം ഏറെക്കാലമായുള്ളതാണ്. നഗരത്തിലേക്കും തീരദേശമേഖലയിലേക്കുമുള്ള പ്രധാന വഴികളെല്ലാം ഈ ഭാഗത്തുള്ളതിനാൽ ട്രെയിൻ യാത്രക്കാർക്കും നഗരത്തിൽ നിന്ന് തീരദേശമേഖലയിലേക്കും തിരിച്ചുമുള്ള കാൽനടയാത്രക്കാർക്കെല്ലാം പാലം മുറിച്ചുകടക്കുകയല്ലാതെ നിർവാഹമില്ലാത്ത സ്ഥിതിയായിരുന്നു. വലിയൊരു ദുരന്തം സംഭവിച്ചിട്ടും സാങ്കേതിക തടസ്സങ്ങളുടെ പേരിൽ മേൽപ്പാലത്തിന്റെ നിർമ്മാണം പിന്നെയും നീണ്ടുപോയി.
ഒരു വർഷം മുമ്പ് ഈ ഭാഗത്തുണ്ടായിരുന്ന വാഹന പാർക്കിംഗ് കേന്ദ്രം സ്റ്റേഷന്റെ തെക്കുഭാഗത്തേക്കു മാറ്റിയതിന് ശേഷമാണ് മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. അപകടം ക്ഷണിച്ചുവരുത്തുന്ന തരത്തിൽ യാത്രക്കാർ പാത മുറിച്ചുകടക്കേണ്ട അവസ്ഥ ഇപ്പോഴും തുടരുകയാണ്. ഇരുവശങ്ങളിലും മധ്യത്തിലുമുള്ള തൂണുകളുടെ നിർമ്മാണവും പാലത്തിന്റെ ഗാർഡറുകൾ സ്ഥാപിക്കുന്ന ജോലിയും പൂർത്തിയായി.
ഗാർഡറുകൾ കൂട്ടിയോജിപ്പിച്ച് പാലം പൂർത്തിയാക്കുന്ന ജോലിയും ചവിട്ടുപടികളുടെയും ലിഫ്റ്റിന്റെയും നിർമ്മാണവും പൂർത്തിയാകാനുണ്ട്. അതുകൂടി കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം മേൽപ്പാലം തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾ വഴി സഞ്ചരിക്കുന്ന യാത്രക്കാർക്കു പുറമേ ഇരുവശങ്ങളിലും പുറത്തുനിന്നുള്ള കാൽനടയാത്രക്കാർക്കും മേൽപ്പാലം ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്നുണ്ട്. ഇതോടെ യാത്രക്കാർക്ക് റെയിൽപാത മുറിച്ചുകടക്കേണ്ടിവരുന്ന സാഹചര്യം പൂർണമായും ഒഴിവാക്കാനാകും.
തെക്കേയറ്റത്തും വേണം മേൽപ്പാലം
പ്ലാറ്റ്ഫോമിന്റെ തെക്കേയറ്റത്ത് ആവിക്കര ആഗത്തേക്കുള്ള റോഡ് സ്ഥിതിചെയ്യുന്നയിടത്തും മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. ഇവിടെയും കാൽനടയാത്രക്കാർ പാലം മുറിച്ചുകടക്കുമ്പോൾ പലതവണ അപകടങ്ങളും ജീവഹാനിയും ഉണ്ടായതാണ്. എന്നാൽ ഇവിടെ ട്രെയിൻ യാത്രക്കാർ പാലം മുറിച്ചുകടക്കേണ്ടിവരുന്ന സാഹചര്യം പൊതുവേ കുറവായതിനാൽ നഗരസഭ ചെലവുവഹിച്ചാൽ മാത്രമേ മേൽപ്പാലം നിർമിക്കാനാകൂ എന്നാണ് റെയിൽവേ അധികൃതരുടെ നിലപാട്. ഇക്കാര്യത്തിൽ നഗരസഭ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |