സീനിയർ ക്ലാർക്കിനെതിരെ പൊലീസ് കേസ്
കാസർകോട്: പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിനായി നൽകുന്ന പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) ഭവന നിർമാണ പദ്ധതിയുടെ ഫണ്ടിൽ 16.80 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സീനിയർ ക്ലാർക്കിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ കൊഴുക്കുള്ളി അത്താണി നഗർ സ്വദേശി സി.എൻ രാമദാസി (43) നെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
15 ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട 16,80,000 രൂപ വ്യാജ ബില്ലുകൾ ഉപയോഗിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ഹരീഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്. 2026 സെപ്തംബർ 24നും ഒക്ടോബർ 31നും ഇടയിലാണ് തട്ടിപ്പ് നടന്നതെന്നാണ് പറയുന്നത്.പി.എം.എ.വൈ പദ്ധതിയുടെ വികസന ഫണ്ട് ഗുണഭോക്താക്കൾക്ക് അനുവദിക്കുന്നതിനായി ട്രഷറിയിൽ സമർപ്പിക്കേണ്ട ബില്ലിലാണ് ക്രമക്കേട് നടത്തിയതെന്നാണ് പരാതി.
15 ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്ക് പകരം പ്രതിയുടെ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ബില്ലിൽ രേഖപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് ഈ ബിൽ യഥാർത്ഥ രേഖയാണെന്ന നിലയിൽ ഉപയോഗിച്ച് ട്രഷറിയിൽ സമർപ്പിക്കുകയും അതുവഴി 16.80 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തെന്നാണ് കേസ്. സർക്കാരിനെയും ഗുണഭോക്താക്കളെയും കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി വ്യാജ ബിൽ തയ്യാറാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
ആറ് ബി.എൻ.എസ് വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.വ്യാജ രേഖ തയ്യാറാക്കൽ, വ്യാജ രേഖ യഥാർത്ഥ രേഖയായി ഉപയോഗിക്കൽ, വിശ്വാസവഞ്ചനയിലൂടെ പണം കൈപ്പറ്റൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. എസ്.ഐ ജിയോ സദാനന്ദന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പണം കൈമാറിയ നടപടിക്രമങ്ങൾ, ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ, ഗുണഭോക്താക്കളുടെ യഥാർത്ഥ അക്കൗണ്ട് വിവരങ്ങൾ, പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ തുക തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |