SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.49 AM IST

ജീവിത തിരക്കഥയുടെ ഗതിമാറ്റിയ സൗഹൃദം

rajendran
സന്ധ്യാരാജേന്ദ്രനും ജയൻ തിരുമനയും ഇ.എ.രാജേന്ദ്രനും (ഫയൽ ഫോട്ടോ)

കൊല്ലം: ജീവിത തിരക്കഥയിൽ ചില കഥാപാത്രങ്ങളുടെ കടന്നുവരവ് വന്നുപോകാനല്ല, മറിച്ച് ജീവിതത്തിന്റെ ഗതി തന്നെ മാറ്റാനാണ്. ഇ.എ.രാജേന്ദ്രൻ എന്ന തന്റെ പ്രിയപ്പെട്ട രാജേന്ദ്രേട്ടൻ വളരെ അപ്രതീക്ഷിതമായാണ് എന്റെ ജീവിതത്തിന്റെ ഭാഗമാകുന്നത്.

അതുപോലെ വലിയൊരു ശൂന്യത അവശേഷിപ്പിച്ച് അപ്രതീക്ഷിതമായി വിടപറഞ്ഞിരിക്കുന്നു. ഒരു നാടകകൃത്തെന്ന നിലയിൽ എന്റെ പേനയ്ക്കും ചിന്തയ്ക്കും കരുത്തായി മാറിയ ആ വലിയ മനുഷ്യനെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. തൃശൂരിൽ നടന്ന നാടകക്കളരിയിൽ നിന്ന് ആറുവർഷം മുമ്പ് ആരംഭിച്ച പരിചയം എന്നിലെ മറ്റൊരു എന്നെ കണ്ടെത്താൻ സഹായിക്കുകയായിരുന്നു. ഈ കാലംകൊണ്ട് അദ്ദേഹം എനിക്ക് നൽകിയത് ഒരു ആയുഷ്ക്കാലത്തേക്കുള്ള സ്നേഹവും നാടകാനുഭവങ്ങളുമാണ്.

രക്തബന്ധങ്ങൾക്കപ്പുറം കാലം എനിക്ക് കരുതിവച്ച ജ്യേഷ്ഠസ്ഥാനമായിരുന്നു രാജേന്ദ്രേട്ടൻ. ആ ബന്ധത്തെ വിശേഷിപ്പിക്കാൻ 'സാഹോദര്യം' എന്ന വാക്കല്ലാതെ മറ്റൊന്നുമില്ല. ഒരു ജ്യേഷ്ഠ സഹോദരന്റെ കരുതലോടെ അദ്ദേഹം എന്നെ ചേർത്തുപിടിച്ചു. എന്റെ എഴുത്തിലെ പോരായ്മകൾ സ്നേഹത്തോടെ ചൂണ്ടിക്കാണിക്കാനും, നന്നായി എഴുതുമ്പോൾ അഭിനന്ദിക്കാനും അദ്ദേഹം ഒരുമടിയും കാണിച്ചിരുന്നില്ല.

കാളിദാസ കലാകേന്ദ്രത്തിനായി 'ശാകുന്തളം' രചിക്കുന്ന കാലം എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒന്നായിരുന്നു. കാളിദാസന്റെ ആ മഹാകാവ്യം അരങ്ങിലെത്തിക്കുമ്പോൾ ഉണ്ടാകേണ്ട സൂക്ഷ്മതയെക്കുറിച്ച് രാജേന്ദ്രേട്ടൻ നിരന്തരം എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. ആ നാടകത്തിന്റെ ഓരോ വരിയിലും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ എനിക്ക് തുണയായി.

കൈത്തണ്ടയിലുണ്ട് രാജേന്ദ്രേട്ടന്റെ സ്പന്ദനം

നാടകത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുമ്പോൾ അതിലൊരു തപസ്യയുടെ തീക്ഷ്ണതയുണ്ടാകും. ഞങ്ങൾ തമ്മിൽ എപ്പോൾ സംസാരിച്ചാലും അത് നാടകത്തിൽ തുടങ്ങുകയും നാടകത്തിൽ തന്നെ അവസാനിക്കുകയും ചെയ്യും. അരങ്ങിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ എന്റെ എഴുത്തിനെ അത്രമേൽ സ്വാധീനിച്ചിട്ടുണ്ട്. ഒരു നാടകകൃത്തിനെ സംബന്ധിച്ച് ആദ്യം ലഭിക്കുന്ന അംഗീകാരം ആ നാടകത്തെ നല്ലതെന്ന് പറയുന്ന സംവിധായകന്റെ വാക്കുകളാണ്. രാജേന്ദ്രേട്ടനായി എഴുതിയ നാടകങ്ങൾ എനിക്കെന്നും അഭിമാനം തരുന്നതാണ്. സ്നേഹത്തിന്റെ അവസാനത്തെ അടിയാളമായിരുന്നു അദ്ദേഹം. ശാകുന്തളം നാടകത്തിന്റെ രചനയുടെ സമയത്താണ് അദ്ദേഹം തന്റെ കൈയിൽ കെട്ടിയിരുന്ന 'വാച്ച് ഇനി ഇത് നിനക്ക് സമയം കാട്ടി തരാൻ' ഇരിക്കട്ടെ എന്ന് പറഞ്ഞ് എനിക്ക് സമ്മാനിക്കുന്നത്.

ഇപ്പോഴും അദ്ദേഹം എനിക്ക് സമ്മാനിച്ച ആ വാച്ചാണ് കൈയിൽ കെട്ടിയിരിക്കുന്നത്. അദ്ദേഹം ഉപയോഗിച്ചിരുന്ന ആ വാച്ച് ഇന്ന് എന്റെ കൈത്തണ്ടയിൽ സ്പന്ദിക്കുമ്പോൾ, അത് രാജേന്ദ്രേട്ടന്റെ ഹൃദയമിടിപ്പ് പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL