SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

കരുനാഗപ്പള്ളിയിൽ കാറ്റെങ്ങോട്ട്

കൊല്ലം: ​കയർ, മത്സ്യത്തൊഴിലാളികളുടെ നാടായ കരുനാഗപ്പള്ളിയുടെ മണ്ണിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ആഴത്തിൽ വേരോട്ടമുണ്ട്. എങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി കരുനാഗപ്പള്ളിയിലെ രാഷ്ട്രീയ കാറ്റ് മാറിവീശുകയാണ്.

പതിറ്റാണ്ടുകളായി എൽ.ഡി.എഫിനൊപ്പം, പ്രത്യേകിച്ച് സി.പി.ഐക്കൊപ്പം നിലകൊണ്ട മണ്ഡല ചരിത്രത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിയത് വിരലിലെണ്ണാവുന്ന തവണ മാത്രമാണ്. 1982 ൽ സ്വതന്ത്രനും 2001ൽ ജെ.എസ്.എസും സീറ്റ് പിടിച്ചെടുത്തു. 2021ൽ കോൺഗ്രസിലെ സി.ആർ.മഹേഷ് നടത്തിയ അട്ടിമറി വിജയം മണ്ഡലത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ മാറ്റിമറിച്ചു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലടക്കം ബി.ജെ.പി നടത്തിയ മുന്നേറ്റവും കരുനാഗപ്പള്ളിയുടെ മനസ് പ്രവചനാതീതമാക്കുന്നു.

കയർ-മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളാണ് എന്നും കരുനാഗപ്പള്ളിയിലെ വോട്ടിംഗിനെ സ്വാധീനിച്ചിട്ടുള്ളത്. ഇതിന് പുറമെ കാട്ടിൽകടവ് പാലം, റെയിൽവേ സ്റ്റേഷൻ വികസനം, ഗതാഗതക്കുരുക്ക്, ദേശീയപാത വികസനം തുടങ്ങിയ പ്രാദേശിക വികസനവും ചർച്ചയായിട്ടുണ്ട്.

കരുനാഗപ്പള്ളി നഗരസഭയും ആറ് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. പഴയ പ്രതാപം വീണ്ടെടുക്കാൻ എൽ.ഡി.എഫും, ചരിത്ര ഭൂരിപക്ഷം നിലനിറുത്താൻ യു.ഡി.എഫും, ചരിത്രം സൃഷ്ടിക്കാൻ എൻ.ഡി.എയും പോരാടുമ്പോൾ കരുനാഗപ്പള്ളിയിൽ ഫലം പ്രവചനാതീതമാണ്.

പ്രമുഖരെ വിജയിപ്പിച്ച ചരിത്രം
​കരുനാഗപ്പള്ളി എന്നും സി.പി.ഐയുടെ കരുത്തരായ നേതാക്കളെയാണ് നിയമസഭയിലേക്ക് അയച്ചിട്ടുള്ളത്. പി.എസ്.ശ്രീനിവാസൻ, ഇ.ചന്ദ്രശേഖരൻ നായർ, സി.ദിവാകരൻ തുടങ്ങിയ പ്രമുഖരെ ജയിപ്പിച്ച ചരിത്രം മണ്ഡലത്തിനുണ്ട്. എന്നാൽ 2021ൽ ആർ.രാമചന്ദ്രനെ പരാജയപ്പെടുത്തി സി.ആർ.മഹേഷ് നേടിയ വിജയം യു.ഡി.എഫിന് വലിയ ആത്മവിശ്വാസം നൽകി. തുടർന്ന് വന്ന 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കരുനാഗപ്പള്ളി നഗരസഭയും കുലശേഖരപുരം, ക്ലാപ്പന, ഓച്ചിറ തുടങ്ങിയ പഞ്ചായത്തുകളും എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. ഇത് മണ്ഡലത്തിൽ യു.ഡി.എഫിന് ലഭിക്കുന്ന ജനപിന്തുണയുടെ തെളിവായി.


സി.ആർ.മഹേഷ് (യു.ഡി.എഫ്)

നിലവിലെ എം.എൽ.എ എന്ന നിലയിലുള്ള വികസന പ്രവർത്തനങ്ങളും യുവാക്കൾക്കിടയിലെ സ്വീകാര്യതയുമാണ് സി.ആർ. മഹേഷിന്റെ കരുത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് തരംഗത്തിലും മണ്ഡലം സി.ആർ.മഹേഷിനൊപ്പം നിലകൊണ്ടു.


​അഡ്വ. എം.എസ്.താര (എൽ.ഡി.എഫ്)

ചുവപ്പ് കോട്ട തിരിച്ചുപിടിക്കാൻ സി.പി.ഐ ഇറക്കിയിരിക്കുന്നത് മുൻ എം.എൽ.എ ബി.എം.ഷെരീഫിന്റെ മകളെയാണ്. അഭിഭാഷകയും മഹിളാസംഘം നേതാവുമാണ്. സ്ത്രീ വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് കണക്കുകൂട്ടൽ.

വി.എസ്.ജിതിൻ ദേവ് (എൻ.ഡി.എ)

ബി.ജെ.പിയുടെ യുവനിരയിലെ ശ്രദ്ധേയനായ നേതാവാണ് വി.എസ്.ജിതിൻ ദേവ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വർദ്ധിപ്പിച്ച വോട്ട് വിഹിതം ഇത്തവണ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് എൻ.ഡി.എ ക്യാമ്പിന്റെ പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL