കൊല്ലം: ജില്ലാ ആശുപത്രിയിലെ സൈക്യാട്രി വാർഡ് അടഞ്ഞ് ഒരുവർഷമായിട്ടും പകരം സംവിധാനമില്ല. കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞവർഷം ജൂലായിൽ കെട്ടിടം തകർന്ന് കൂട്ടിരിപ്പുകാരി മരിച്ചതിന് പിന്നാലെയാണ് ജില്ലാ ആശുപത്രിയിൽ ബലക്ഷയമുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സൈക്യാട്രി വാർഡ് അടച്ചത്.
രണ്ട് സൈക്യാട്രിസ്റ്റുകൾക്ക് പുറമെ സെക്യാട്രിയിൽ പി.ജിയുള്ള ഒരു അസി. സർജന്റെയും നേതൃത്വത്തിലാണ് സൈക്യാട്രി വാർഡ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ജില്ലാ ആശുപത്രിയിലെ സെക്യാട്രി ഒ.പിയിൽ എത്തുന്നവരിൽ കിടത്തി ചികിത്സ ആവശ്യമുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കോ പേരൂർക്കട മാനസിക രോഗാശുപത്രിയിലേക്കോ റഫർ ചെയ്യുകയാണ്. ഡോക്ടർമാർ ഒ.പി മാത്രമാണ് നടത്തുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ മറ്റ് വാർഡുകളിലേക്ക് മാറ്റി.
ഏഴുപത് വർഷം പഴക്കമുള്ള കെട്ടിടത്തിലാണ് സെക്യാട്രി വാർഡ് പ്രവർത്തിച്ചിരുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തെ തുടർന്ന് എല്ലാ സർക്കാർ ആശുപത്രികളിലും സുരക്ഷാ പരിശോധന നടത്തിയിരുന്നു. കരിക്കോട് ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ നിന്നുള്ള സംഘം നടത്തിയ പരിശോധനയിൽ ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കെട്ടിടം അടച്ചത്.
മറ്റ് ആശുപത്രികളിലേക്ക് മാറ്റാം
ജില്ലാ ആശുപത്രിയിലെ സൈക്യാട്രി വാർഡ് സ്ഥല സൗകര്യമുള്ള നീണ്ടകര താലൂക്ക് ആശുപത്രിയിലേക്കോ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേക്കോ മാറ്റാമെങ്കിലും ആരോഗ്യ വകുപ്പ് അധികൃതർ തയ്യാറാകുന്നില്ല. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പുതിയ സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ സെക്യാട്രി വാർഡിന്റെ പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അതിന് കുറഞ്ഞത് രണ്ടുവർഷമെങ്കിലും വേണ്ടിവരും.
സെക്യാട്രി വാർഡ്
രണ്ട് നില കെട്ടിടം
ആകെ 30 കിടക്കകൾ
ഒന്നാം നിലയിൽ പുരുഷന്മാർ
രണ്ടാം നിലയിൽ സ്ത്രീകൾ
പ്രത്യേക സുരക്ഷാ ഗ്രില്ലുകൾ
ഡി അഡിക്ഷൻ വാർഡും
തിരുവനന്തപുരത്ത് ചികിത്സയ്ക്ക് പോകേണ്ടിവരുന്നത് കൂട്ടിരിപ്പുകാർക്കാണ് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ജില്ലാ ആശുപത്രിയിലാണെങ്കിൽ പോയി വരാം. തിരുവനന്തപുരത്താണെങ്കിൽ ബന്ധുക്കൾ പ്രത്യേകം മുറിയെടുത്ത് തങ്ങേണ്ടിവരും.
രോഗിയുടെ ബന്ധു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |