കൊല്ലം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടും, തെരുവ് വിളക്കുകൾ പകലും കത്തിക്കിടക്കുന്നു. രാത്രിയിൽ അരമണിക്കൂർ വീതം രണ്ട് തവണ വൈദ്യുതി ബന്ധം വിച്ഛേദിക്കുമ്പോഴാണ് പകൽ വൈദ്യുതി പാഴാക്കുന്നത്.
പകൽസമയത്തും ഇരുട്ടുന്നതിന് മുമ്പും തെരുവ് വിളക്കുകൾ നഗരത്തിന്റെ പല ഭാഗങ്ങളിലും അനാവശ്യമായി കത്തിക്കിടക്കുകയാണ്. തിരുമുല്ലവാരം, അയത്തിൽ, കിളികൊല്ലൂർ, കണ്ണനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലായും പകൽ സമയത്ത് തെരുവ് വിളക്കുകൾ കത്തിക്കിടക്കുന്നത്.
നിലവിൽ പലയിടത്തും തെരുവ് വിളക്കുകൾ സ്വിച്ച് ഓൺ/ഓഫ് ചെയ്യാനുള്ള ചുമതല സമീപത്തെ കടകളിലോ സ്ഥാപനങ്ങളിലോ ഉള്ളവരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ സംവിധാനം പൂർണമായും പരാജയപ്പെട്ടുവെന്നാണ് നാട്ടുകാരുടെ പരാതി. കൃത്യസമയത്ത് വിളക്കുകൾ അണയ്ക്കാൻ ഇവർ താല്പര്യം കാണിക്കുന്നില്ലെന്നും, ചിലയിടങ്ങളിൽ നേരം വെളുത്തിട്ടും വിളക്കുകൾ കത്തുന്ന അവസ്ഥയാണെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കെ എസ്.ഇ.ബി അധികൃതർ നേരിട്ട് സ്വിച്ച് ഓൺ/ഓഫ് ചെയ്യുന്ന ഇടങ്ങളിലും കാര്യങ്ങൾ ഒട്ടും വ്യത്യസ്തമല്ല. മേൽനോട്ടം വഹിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
തെരുവ് വിളക്കുകളിൽ ഓട്ടോമാറ്റിക് സെൻസറുകളോ ടൈമറുകളോ സ്ഥാപിക്കണം. നിലവിൽ പ്രകാശിക്കുന്നവ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തരുത്.
സുരേഷ്, നാട്ടുകാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |