SignIn
Kerala Kaumudi Online
Saturday, 31 October 2026 11.39 PM IST

ഹൈക്കോടതിയുടെ വ്യാജ സ്റ്റേ: രണ്ട് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കേസ്

കുണ്ടറ: അനധികൃത വഴിയോര കച്ചവടം ഒഴിപ്പിക്കാനുള്ള പഞ്ചായത്ത് നടപടി തടയാൻ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് വ്യാജമായി ചമച്ച് ഉപയോഗിച്ചെന്ന പരാതിയിൽ പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. പേരയം പഞ്ചായത്ത് പത്താം വാർഡംഗം പി.രമേഷ് കുമാർ, ഇളമ്പള്ളൂർ പഞ്ചായത്ത് ആറാം വാർഡംഗം എൻ.ജഗദീശൻ എന്നിവർക്കെതിരെയാണ് കുണ്ടറ പഞ്ചായത്ത് സെക്രട്ടറി പി.ടൈറ്റസിന്റെ പരാതിയിൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തത്.

പള്ളിമുക്ക് ഗുരുമന്ദിരത്തിന് സമീപം ബുധനാഴ്ച അനധികൃത വഴിയോര കച്ചവടം ഒഴിപ്പിക്കാനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ജി.വിനോദ് കുമാർ, വൈസ് പ്രസിഡന്റ് കെ.ഉഷ, സെക്രട്ടറി പി.ടൈറ്റസ് എന്നിവരെ സ്റ്റേ ഉത്തരവ് കാണിച്ച് തടഞ്ഞെന്നാണ് പരാതി. ഉത്തരവ് വ്യാജമായി ചമച്ചതാണെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്താൻ ഉപയോഗിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.

പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങൾ, റോഡുകൾ, നടപ്പാതകൾ എന്നിവ കൈയേറിയുള്ള അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാൻ സെപ്തംബർ 16ന് ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ, പുനരധിവാസം ഉറപ്പാക്കാതെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് തടഞ്ഞതെന്നാണ് സി.പി.എം വിശദീകരണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL