SignIn
Kerala Kaumudi Online
Sunday, 21 June 2026 11.37 PM IST

ഇളവൻകുളം നടപ്പാലം കൈവരിയില്ല, വെളിച്ചവുമില്ല; ദുരിതയാത്രയിൽ നാട്ടുകാർ

ilavan-kulam-palam

കോട്ടയം: പതിറ്റാണ്ടുകൾ പഴക്കമുള്ള ഇളവൻകുളം വാലടി ഒന്നാം കലുങ്കിന് സമീപത്തെ നടപ്പാലം തകർച്ചയുടെ വക്കിൽ. ഏത് നിമിഷവും തകർന്നുവീഴാവുന്ന നിലയിലായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വർഷങ്ങൾക്കു മുമ്പ് തോടിന് കുറുകെ നിർമ്മിച്ച പാലം കോൺക്രീറ്റ് സ്റ്റെപ്പുകൾ സ്ഥാപിച്ച് അതിന് മുകളിൽ പുളിമരത്തിന്റെ തടിക്കഷണങ്ങൾ നടപ്പാലം നിർമിച്ചത്. കാലപ്പഴക്കവും മഴയും വെള്ളപ്പൊക്കവും മൂലം സ്റ്റെപ്പുകൾ തകർന്നതോടെ പാലം ജീർണാവസ്ഥയിലായി. സമീപകാലത്ത് ഒരു കുട്ടി പാലത്തിൽ നിന്ന് തോട്ടിലേക്ക് വീണ സംഭവവും ഉണ്ടായതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നിരവധി അപകടസാധ്യതകൾ നിലനിൽക്കുമ്പോഴും പാലത്തിന്റെ നവീകരണത്തിനോ പുനർനിർമാണത്തിനോ നടപടികൾ ഉണ്ടായിട്ടില്ലെന്നും അവർ ആരോപിക്കുന്നു. വർഷങ്ങളായി പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിൽ നിലവിലെ ജീർണാവസ്ഥയിലുള്ള നടപ്പാലം പൊളിച്ചുമാറ്റി സുരക്ഷിതവും ആധുനിക സൗകര്യങ്ങളോടുകൂടിയതുമായ പുതിയ പാലം നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വിദ്യാർത്ഥികളടക്കം ആശ്രയിക്കുന്ന നടപ്പാലം

നിലവിൽ തകർന്ന ഭാഗങ്ങൾ മറികടക്കാൻ ജീർണിച്ച തടിക്കഷണങ്ങളും തുരുമ്പെടുത്ത ഇരുമ്പുപട്ടകളും ചേർത്ത് താത്കാലിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

 തടിക്കഷണങ്ങൾ ദ്രവിച്ച് ബലക്ഷയം സംഭവിച്ചിരിക്കുന്നതിനാൽ ഏത് സമയത്തും പാലം തകർന്നടിയാൻ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

സ്‌കൂൾ വിദ്യാർത്ഥികൾ, തൊഴിലാളികൾ, മുതിർന്ന പൗരന്മാർ ഉൾപ്പെടെ നിരവധി പേർ ആശ്രയിക്കുന്ന പാലത്തിന് കൈവരികളില്ലാത്തതും അപകടഭീഷണി വർദ്ധിപ്പിക്കുന്നു.

 മഴക്കാലത്ത് തടിക്കഷണങ്ങൾ വഴുക്കലേറിയതാകുന്നതോടെ പാലം കടക്കുന്നത് കൂടുതൽ ദുഷ്‌കരമാകുന്നു. വെളിച്ചസൗകര്യം ഇല്ലാത്തതിനാൽ രാത്രിയിൽ പാലത്തിലൂടെയുള്ള യാത്രയും അപകടകരമാണ്.


പാലത്തിന് കൈവരികൾ, വെളിച്ചസൗകര്യം, സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഒരുക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം.

എം.കെ.പ്രദീപ്, പ്രദേശവാസി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, AS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL