SignIn
Kerala Kaumudi Online
Sunday, 21 June 2026 11.37 PM IST

ഏത് നിമിഷവും വീഴാം; ബസ് കാത്തിരിപ്പുകേന്ദ്രത്തിന് ഭീഷണിയായി മരങ്ങൾ

maram

ഇളങ്ങുളം: പൊൻകുന്നം–പാലാ റോഡിൽ ഇളങ്ങുളം എസ്.എൻ.ഡി.പി കവലയിൽ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ ഉലഞ്ഞ് കാത്തിരിപ്പുകേന്ദ്രത്തിന് മുകളിലേക്ക് എത്തുന്നതിനാൽ യാത്രക്കാർ ആശങ്കയിലാണ്. കാത്തിരിപ്പുകേന്ദ്രം തകർന്നിരുന്നെങ്കിലും ജനപ്രതിനിധികളോടും പൊതുമരാമത്ത് വകുപ്പിനോടും നിരന്തരം ആവശ്യപ്പെട്ടിട്ടും പുനർനിർമാണം നടന്നില്ല. തുടർന്ന് എസ്.എൻ.ഡി.പി.യോഗം 44-ാം നമ്പർ ഇളങ്ങുളം ശാഖ ഏകദേശം 40,000 രൂപ ചെലവഴിച്ച് ഏതാനും മാസം മുമ്പ് കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കുകയായിരുന്നു. സമീപത്തെ ട്യൂഷൻ സെന്ററിലെ കുട്ടികളടക്കം നിരവധി പേരാണ് ദിവസവും ഈ കാത്തിരിപ്പു കേന്ദ്രം ആശ്രയിക്കുന്നത്. മഴയും കാറ്റുമുള്ളപ്പോൾ ഇതിന് പിന്നിലെ പറമ്പിലെ മരങ്ങൾ ഉലഞ്ഞ് മുകളിലേക്ക് എത്തുന്നുണ്ട്. വർഷങ്ങളായി ആളൊഴിഞ്ഞുകിടക്കുന്ന പ്രദേശം കാടുപിടിച്ച നിലയിലാണ്. തർക്കത്തിൽപ്പെട്ട സ്ഥലമായതിനാൽ മരങ്ങൾ നീക്കം ചെയ്യാൻ ആരും മുന്നോട്ടുവരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. അതിനാൽ ഹൈക്കോടതി ഉത്തരവ് പാലിച്ച് പഞ്ചായത്ത് മുൻകൈയെടുത്ത് കാത്തിരിപ്പുകേന്ദ്രത്തിന് മുകളിലേക്കുള്ള മരങ്ങൾ മുറിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ട്രാൻസ്ഫോമർ സ്ഥാപിച്ചു

ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ പുനർനിർമാണത്തിന് പിന്നാലെ സമീപത്തെ ഒരു ട്രാൻസ്‌ഫോർമർ ഇവിടേക്ക് മാറ്റി സ്ഥാപിച്ചതോടെ അപകടസാദ്ധ്യത വീണ്ടും വർദ്ധിച്ചതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടി സ്വീകരിക്കേണ്ട അധികാരികൾ അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL